എസ്‌ഐബി മിറർ ആപ്ലിക്കേഷനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Posted on: June 25, 2015

SIB-Mirror-Bigബംഗലുരു : സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ഐബി മിറർ എന്ന പേരിൽ പുതിയ മൊബൈൽ ആപ് അവതരിപ്പിച്ചു. ബാങ്കിംഗ് രംഗത്ത് ആദ്യമായി മൊബൈൽ ഷേക്ക് ചെയ്താൽ പണം കൈമാറാവുന്ന സൗകര്യം, ഷേക്ക് ചെയ്താൽ അക്കൗണ്ട് ബാലൻസ് അറിയാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകളുള്ള സംവിധാനമാണ് എസ്‌ഐബി മിറർ ആപ്.

സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒ യുമായ വി. ജി. മാത്യുവിന്റെ സാന്നിധ്യത്തിൽ ബംഗലുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബാങ്കിന്റെ ജനറൽ മാനേജർ (മാർക്കറ്റിംഗ്-ഡിഐസിടി) ടി. ജെ. റാഫേൽ, ബാംഗളൂർ മേഖലാ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ അജിത്ത് സി. ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ തന്നെ വികസിപ്പിച്ചെടുത്ത എസ്‌ഐബി മിറർ ആപ് ഉപയോഗിച്ച് വിവിധ ബാങ്കിംഗ് ഇടപാടുകൾ നടത്താനാവും. പണം കൈമാറൽ, ദിവസേനയുള്ള ഇടപാടുകളെ ട്രാക്ക് ചെയ്യൽ, പലിശ കണക്കുകൂട്ടൽ, വായ്പകൾക്കും നിക്ഷേപങ്ങൾക്കും അപേക്ഷിക്കൽ തുടങ്ങി ഒരു വിർച്വൽ ബ്രാഞ്ചിലൂടെ ചെയ്യാവുന്ന നിരവധി കാര്യങ്ങൾ എസ്‌ഐബി മിറർ ആപ്പിലൂടെ ചെയ്യാനാവും.

മെനു ആക്‌സസിനുള്ള ജെസ്റ്റർ സപ്പോർട്ട്, അക്കൗണ്ട് വിവരങ്ങൾ ക്ലിക്കിലൂടെ ഷെയർ ചെയ്യാനുള്ള സൗകര്യം, വോയ്‌സ് റെക്കഗ്നിഷനിലൂടെ മെനു നാവിഗേഷൻ തുടങ്ങി ഉപഭോക്താക്കൾക്കു സൗകര്യപ്രദമായ നിരവധി സവിശേഷതകളുള്ള മൊബൈൽ ആപ്പാണ് എസ്‌ഐബി മിറർ. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ് ഫോമുകളിൽ സൗജന്യമായി ഉപയോഗിക്കാം.