വിമാനങ്ങൾ സ്വന്തമാക്കാൻ ഫ്‌ളൈദുബായ്ക്ക് നൂതന വായ്പാ സംവിധാനം

Posted on: December 18, 2017

കൊച്ചി : ഫ്‌ളൈദുബായ് ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ വാങ്ങുന്നതിനായി ജപ്പാനീസ് ഓപ്പറേറ്റിംഗ് ലീസ് വിത്ത് കോൾ ഓപ്ഷൻ, എയർക്രാഫ്റ്റ് ഫിനാൻസ് ഇൻഷ്വറൻസ് കൺസോർഷ്യം എന്നിവയുമായി ധാരണയിലെത്തി.

ജപ്പാനിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഹരി പങ്കാളിത്തവും ബാങ്ക് വായ്പയും ചേർന്നുള്ള സംവിധാനമാണ് ജോൽകോ. ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ വാങ്ങുന്നതിനായി ജോൽകോയെ ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. വിമാനങ്ങൾ വാങ്ങാനുള്ള വായ്പയോടൊപ്പം ഇൻഷ്വറൻസും ലഭ്യമാക്കുന്ന രീതിയാണ് എഎഫ്‌ഐസിയുടേത്. ആലിയാൻസ്, ആക്‌സിസ് ക്യാപ്പിറ്റൽ, ഫിഡലിസ്, സോംപേ ഇന്റർനാഷണൽ എന്നീ ജനറൽ ഇൻഷ്വറൻസ് കമ്പനികൾ ചേർന്നതാണ് കൺസോർഷ്യമാണ് ഇൻഷ്വറൻസ് സുരക്ഷ ലഭ്യമാക്കുക. എഎഫ്‌ഐസിയുമായി ധാരണയിലെത്തുന്ന ഏഷ്യൻ മേഖലയിലെ പ്രഥമ വിമാനക്കമ്പനിയാണ് ഫ്‌ളൈദുബായ്.

കഴിഞ്ഞ മാസം നടത്തപ്പെട്ട ദുബായ് എയർ ഷോയിൽ 2700 കോടി ഡോളർ വില വരുന്ന 225 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ വാങ്ങുന്നതിന് ബോയിങ്ങുമായി ഫ്‌ളൈദുബായ് കരാറിലേർപ്പെടുകയുണ്ടായി. ഇതിൽ അഞ്ച് ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ ഒരെണ്ണം ജോൽകോയിൽ നിന്നും മൂന്നെണ്ണം എഎഫ്‌ഐസിയിൽ നിന്നുമുള്ള ധനസഹായത്തോടെയാണ് വാങ്ങിയത്. ഈ വർഷാവസാനത്തോടെ കുറച്ച് വിമാനങ്ങൾ കൂടി ലഭിക്കും. 2023 ആകുമ്പോഴേക്ക് 70 ബോയിംഗ് 737 മാക്‌സ് കൂടി എത്തും.