ഹോണ്ട സ്‌കൂട്ടറുകളുടെ വില്‍പ്പന 2.50 കോടി കടന്നു

Posted on: November 20, 2018

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പ്പന 2.50 കോടി കടന്നു. പതിമൂന്നു വര്‍ഷം കൊണ്ട് ഒരു കോടി വില്‍പ്പന കുറിച്ച ഹോണ്ട അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഒരു കോടി കൂടി കൂട്ടിചേര്‍ത്തു. പിന്നീട് ഒരു വര്‍ഷം കൊണ്ട് 50 ലക്ഷം സ്‌കൂട്ടറുകള്‍ കൂടി വിറ്റഴിച്ചു. നിലവില്‍ 2.5 കോടി എന്ന റെക്കോര്‍ഡ് വില്‍പ്പന മറികടന്ന ഇന്ത്യയിലെ ഏക സ്‌കൂട്ടര്‍ ഉല്‍പ്പാദകരായിരിക്കുകയാണ് ഹോണ്ട.

മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലേക്ക് 18 വര്‍ഷം മുമ്പ് ആക്റ്റീവ അവതരിപ്പിച്ചു കൊണ്ടാണ് ഹോണ്ട സ്‌കൂട്ടര്‍വല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. 2001ല്‍ 10 ശതമാനമായിരുന്ന വിപണി പങ്കാളിത്തം 2018ല്‍ 32 ശതമാനത്തിലെത്തി. പ്രകടന മികവും വിശ്വസനീയതയുമാണ് ഇന്ത്യന്‍ ടൂവീലര്‍ വിപണിയിലെ സ്‌കൂട്ടര്‍വല്‍ക്കരണത്തിന് ഹോണ്ടയെ സഹായിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആക്റ്റീവ മുതല്‍ പ്രീമിയം 125സിസിയും ഗ്രാസിയയും വരെ ശ്രേണി നീളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ശ്രേണിയും ഹോണ്ടയുടേതാണ്. പട്ടണങ്ങളിലെ സ്‌കൂട്ടര്‍വല്‍ക്കരണത്തിലും നേതൃത്വം നല്‍കുകയാണ് അടുത്ത ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.