ഹോണ്ട ആഫ്രിക്ക ട്വിൻ ബുക്കിംഗ് ആരംഭിച്ചു

Posted on: June 10, 2018

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ 2018 ആഫ്രിക്ക ട്വിന്നിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. ആദ്യ 50 പേർക്കു മാത്രമായിരിക്കും ബുക്കിംഗിന് അവസരം ലഭിക്കുക.

ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള വിംഗ് വേൾഡ് ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും ബുക്കിംഗ്. ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട റൈഡർമാരെ മോട്ടോ ജി.പി.യിൽ ലൈവ് ആയി കാണുന്നതിനുള്ള അവസരവും ലഭിക്കും. ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഡോട്ട് കോമിൽ ലോഗിൻ ചെയ്തും ഉപഭോക്താക്കൾക്ക് ബുക്കിംഗ് നടത്താം.

ഇന്ത്യയിലെ സാഹസിക പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന 2018 ആഫ്രിക്ക ട്വിൻ ഇപ്പോൾ തയാറായിരിക്കുകയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ ചൂണ്ടിക്കാട്ടി.

ത്രോട്ടിൽ ബൈ വയർ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, ഇരട്ട ക്ലച്ച് ട്രാൻസ്മിഷൻ തുടങ്ങി നിരവധി സവിശേഷതകളാണ് ഇതിലുള്ളത്. ഇതിലെ ഇരട്ട ക്ലച്ച് ട്രാൻസ്മിഷൻ മൂന്നു വ്യത്യസ്ത രീതികളാണു ലഭ്യമാക്കുന്നത്. നഗരങ്ങളിലെ റൈഡിങിന് ഓട്ടോമാറ്റിക് ഡി മോഡ് പ്രയോജനകരമാകുമ്പോൾ ഇതിലെ എം.ടി. മോഡ് പൂർണമായും മാനുവൽ കൺട്രോൾ സാധ്യമാക്കുന്നു. ഓട്ടോമാറ്റിക് എസ് മോഡ് മൂന്നു തലങ്ങളിലുള്ള സ്‌പോർട്ടി റൈഡിങും സാധ്യമാക്കും. കൂടുതൽ മെച്ചപ്പെടുത്തിയ പ്രവർത്തനങ്ങൾ, 310 എം.എം. വെയ്‌വ് രീതിയിലുള്ള എ.ബി.എസ്. ബ്രേക്കുകൾ തുടങ്ങി നിരവധി സവിശേഷതകളും ഇതിലുണ്ട്. 360 ഡിഗ്രി മൂല്യ വർധനയോടെ, 2018 ലെ ആഫ്രിക്കൻ ട്വിൻ ജിപി റെഡ് കളർ സ്‌കീമിൽ 13.23 ലക്ഷത്തിന് (എക്‌സ്‌ഷോറൂം ഡൽഹി) ലഭ്യമാണ്.