ഹീറോ ലിഥിയം അയോൺ ബാറ്ററിയുള്ള ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി

Posted on: November 5, 2017

കൊച്ചി : ഹീറോ ഇലക്ട്രിക് ലിഥിയം അയോൺ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഒപ്റ്റിമ ഡി എക്‌സ് എൽഐ, ഫോട്ടോൺ ഇ-ബൈക്കുകളിലാണ് ലിഥിയം അയോൺ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്.

ചാർജ് കൂടുതൽ സമയം നീണ്ടു നിൽക്കുമെന്നത് ലിഥിയം ബാറ്ററിയുടെ പ്രത്യേകതയാണ്. ഒരു തവണ ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ ഓടാവുന്നതാണ്. ചാർജ് ചെയ്യാൻ കുറഞ്ഞ സമയം മതി എന്നതും ബാറ്ററി വീട്ടിൽ കൊണ്ടുപോയി ചാർജ് ചെയ്യാമെന്നതും മറ്റ് സവിശേഷ സൗകര്യങ്ങളാണ്. ലെഡ് ആസിഡ് ബാറ്ററി മോഡലുകൾ പൂർണമായും ചാർജ് ചെയ്യാൻ 7 മുൽ 8 വരെ മണിക്കൂറാവശ്യമെങ്കിൽ ലിഥിയം ബാറ്ററിയ്ക്ക് 4 മുതൽ 5 വരെ മണിക്കൂർ മതി.

രാജ്യത്ത് വിൽക്കപ്പെടുന്ന ഓരോ 10 ഇ-ബൈക്കുകളിൽ ആറും ഹീറോ ഇലക്ട്രിക്കിന്റെതാണെന്ന് ഹീറോ ഇലക്ട്രിക് മാർക്കറ്റിംഗ് തലവൻ മനുകുമാർ പറഞ്ഞു. ലിഥിയം അയോൺ ഇ- ബൈക്കുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ മേഖലയിൽ സാങ്കേതിക മുന്നേറ്റത്തിന് തുടക്കം കുറിച്ചതും ഹീറോ ഇലക്ട്രിക്കാണ്. 12 വർഷം മുൻപ് ഇ-ബൈക്ക് വിപണിയിൽ പ്രവേശിച്ച ഹീറോ ഇതിനകം ഒരു ലക്ഷത്തിലേറെ ഇ-ബൈക്കുകൾ വിറ്റഴിച്ചു.