ലംബോർഗിനി അവന്റഡോർ എസ് ഇന്ത്യൻ വിപണിയിൽ

Posted on: March 8, 2017

മുംബൈ : ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ അവന്റഡോർ എസ് ഇന്ത്യൻ വിപണിയിലെത്തി. അവന്റഡോറിന്റെ കരുത്ത്കൂടിയ നവീകരിച്ച പതിപ്പാണിത്. ലംബോർഗിനിയുടെ ഏറ്റവും വിലയേറിയ മോഡലായ അവന്റഡോർ എസിന് 5.01 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

എയ്‌റോഡൈനാമിക് പെർഫോമൻസ് കൂട്ടുന്ന രൂപകൽപ്പനയാണിതിന്. മുൻഭാഗം പഴയതിലും കൂർത്തതാണ്. എൻജിൻ പഴയതുതന്നെയെങ്കിലും കരുത്ത് 40 ബിഎച്ച്പി കൂട്ടിയിട്ടുണ്ട്. 6.5 ലിറ്റർ, 12 സിലിണ്ടർ (വി12) പെട്രോൾ എൻജിൻ 740 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോർക്ക് 690 എൻഎം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ വെറും 2.9 സെക്കൻഡ് മതി. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഓൾ വീൽ ഡ്രൈവ് സൂപ്പർ കാറിന് മണിക്കൂറിൽ 350 കിലോമീറ്റർ ആണ് പരമവധി വേഗം.

രണ്ട് സീറ്റർ കൂപ്പെയുടെ മോണോ കോക്ക് ബോഡി പ്രധാനമായും കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫോർ വീൽ സ്റ്റിയർ ടെക്‌നോളജിയുമായി വിപണിയിലെത്തുന്ന ആദ്യ ലംബോർഗിനി കാറാണ് അവന്റഡോർ എസ്. ഉയർന്ന വേഗത്തിൽ സ്റ്റീയറിംഗ് തിരിക്കുമ്പോൾ മുൻചക്രങ്ങളുടെ അതേ ദിശയിൽ പിൻചക്രങ്ങളും തിരിയും. ഇത് വളവുകളിൽ ഉയർന്ന സ്ഥിരത നൽകും. കുറഞ്ഞ വേഗത്തിൽ സ്റ്റീയറിംഗ് തിരിക്കുമ്പോൾ മുന്നിലെ വീലുകളുടെ എതിർദിശയിൽ പിന്നിലെ വീലുകൾ തിരിയും. ഇത് ടേണിംഗ് റേഡിയസ് കുറയ്ക്കാൻ സഹായിക്കുന്നു. പുതിയ ആക്ടീവ് സസ്‌പെൻഷൻ അവന്റഡോർ എസിനുണ്ട്. സ്ട്രാഡാ, സ്‌പോർട്‌സ്, കോർസ എന്നിവ കൂടാതെ പുതിയ ഈഗോ ഡ്രൈവ് മോഡും ഇതിനുണ്ട്. ഡ്രൈവറുടെ ഇഷ്ടാനുസരണം വിവിധ മോഡലുകളിൽ എൻജിൻ, സ്റ്റീയറിംഗ്, സസ്‌പെൻഷൻ, ഗിയർബോക്‌സ് എന്നിവയുടെ പ്രവർത്തനം ക്രമീകരിക്കാൻ ഈഗോ മോഡ് സഹായിക്കുന്നു.

മുൻഗാമിയുടേതിനേക്കാൾ 20 ശതമാനം ഭാരക്കുറവുള്ള എക്‌സോസ്റ്റ് സിസ്റ്റമാണ് അവന്റഡോർ എസിന്. 12 സിലിണ്ടർ എൻജിന്റെ കരുത്ത് തെളിയിക്കുന്ന ശബ്ദം പുറപ്പെടുവിക്കുവാൻ മൂന്ന് പൈപ്പുകളുള്ള എക്‌സോസ്റ്റിനു കഴിയുന്നു. മികച്ച സ്ഥിരത ഉറപ്പാക്കുന്ന പിരേലി പി സീറോ ടയറുകളാണ് അവന്റഡോർ എസിന് ഉപയോഗിക്കുന്നത്.