സില്‍വര്‍ സ്റ്റോമില്‍ പുതുതായി ആരംഭിച്ച നാല് റൈഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on: April 27, 2023

അതിരപ്പിള്ളി : കേരളം മൊത്തം ഒരു ടൂറിസം സ്ഥലമാണെന്നുള്ളതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും അതില്‍ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് അതിരപ്പിള്ളിയെ കാണുന്നതെന്നും മന്ത്രി പി. രാജീവ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോമില്‍ പുതുതായി ആരംഭിച്ച നാല് റൈഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്ത് സ്വകാര്യ സംരംഭകരുടെ കൂടി സഹകരണത്തോടെ അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അത്ര സുപരിചിത മില്ലാത്ത കരീബിയന്‍ ബേ അക്വാ പ്ലേസ്റ്റേഷന്‍, ബൂമറാംഗ്, അക്വാലുപ്പ്, കാമികസി എന്നീ നാല് പുതിയ ഹൈ-ത്രില്ലിംഗ് വാട്ടര്‍ റൈഡുകളാണ് ഉദ്ഘാടനംചെയ്തത്. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കേബിള്‍കാര്‍ പ്രൊജക്റ്റിന്റെ തറക്കല്ലിടല്‍ ചടങ്ങും മന്ത്രി നിര്‍വഹിച്ചു.

സര്‍ക്കാരിനോടൊപ്പം അതിരപ്പിള്ളിയിലെ ടൂറിസം വികസന പദ്ധതികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പരമാവധിസൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍‌സ്റ്റോമില്‍ തന്നെ 15 ഏക്കര്‍സ്ഥലത്ത് കെഎസ്‌ഐഡിസിയുടെ സാമ്പത്തിക സഹകരണത്തോടെ 100 കോടിയില്‍പ്പരം രൂപയുടെ വികസന പദ്ധതി കള്‍ നടപ്പിലാക്കുകയാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ എ.ഐ. ഷാലിമാര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഫോറസ്റ്റ് വില്ലേജ്, ബ്രിട്ടീഷ് ബംഗ്ലോ റിസോര്‍ട്ട്, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജാകുമെന്നും പറഞ്ഞു.