ചെന്നൈ ടിടിഎഫില്‍ സാന്നിധ്യം അറിയിച്ച് കേരളം

Posted on: January 25, 2020

 


തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസം വിപണന മേളകളിലൊന്നായ ചെന്നൈ ടിടിഎഫില്‍ കേരളത്തിന്റെ വന്‍ സാന്നിധ്യം.

സ്വകാര്യ, പൊതുമേഖലകളിലെ 16 പങ്കാളികളുമായി മേളയില്‍ പങ്കെടുത്ത കേരളത്തിന്റെ വിപുലമായ പവിലിയന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ടിടിഎഫ് സമാപിക്കും. 80 ചതുരശ്ര മീറ്ററിലാണ് കേരളത്തിന്റെ പവിലിയന്‍ ഒരുക്കിയിരിക്കുന്നത്. ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രമേയമാണ് പവിലിയനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍നിന്മ്പതിനായിരക്കണക്കിന് സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ ടിടിഎഫ് ചെന്നൈ കേരള ടൂറിസത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര സഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ടൂറിസം നേരത്തെ  ഡൽഹിയിൽ  ഈ മാസം നടന്ന എസ്എടിടിഇ മേളയില്‍ പങ്കെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയിലെ ദേശീയ പങ്കാളിത്തത്തിന്റെ രണ്ടാം ഘട്ടം ഇതിനോടകം ആരംഭിച്ചുവെന്ന് കേരള സംഘത്തെ നയിച്ച ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ കേരളത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ഗുവാഹത്തി, അമൃത്സര്‍, ചണ്ഡീഗഡ്. ഡല്‍ഹി, ജയ്പൂര്‍, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ മേളകളിലും കേരളത്തിന്റെ സാന്നിധ്യമുണ്ടായിരിക്കുമെന്ന് റാണി ജോര്‍ജ് പറഞ്ഞു.

TAGS: Channai TTF |