എൽ ആൻഡ് ടി ഫിനാൻസിന് 21 ശതമാനം അറ്റാദായ വളർച്ച

Posted on: July 30, 2016

L&T-Logo-Big

കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സിന്റെ സഞ്ചിത അറ്റാദായം 2016-17ലെ ആദ്യ ക്വാർട്ടറിൽ 21 ശതമാനം വർധിച്ച് 175 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 145 കോടി രൂപയായിരുന്നു. ഈ ക്വാർട്ടറിലെ റിട്ടേൺ ഓൺ ഇക്വിറ്റി (ആർഒഇ) 13.81 ശതമാനമാണ്. ഈ മേഖലകളിലെ കമ്പനിയുടെ വായ്പ 23 ശതമാനം വർധിച്ച് 53,331 കോടി രൂപയായി.

മുൻവർഷമിതേ കാലയളവിലിത് 43,256 കോടി രൂപയായിരുന്നു. പുനരുപയോഗ ഊർജം, ഭവന വായ്പ, മൈക്രോ ഫിനാൻസ്, ഇരുചക്ര വാഹന വായ്പ എന്നീ മുഖ്യ മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കാനും ആസ്തി ഗുണനിലവാരം നിലനിർത്തിപ്പോരുവാനും സാധിച്ചുവെന്നു കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ.എം. ദൊസ്താലെ പറഞ്ഞു.

മൊത്തം വായ്്പ ഈ ക്വാർട്ടറിൽ 17 ശതമാനം വർധനയോടെ 57,736 കോടി രൂപയിലേക്ക് ഉയർന്നുവെന്നും അദ്ദേഹം അറിയിച്ചു. മുൻവർഷമിതേ കാലയളവിലിത് 49,218 കോടി രൂപയായിരുന്നു. ഗ്രോസ് എൻപിഎ 2015 ജൂണിലെ 5.45 ശതമാനത്തിൽനിന്നു 4.58 ശതമാനമായി മെച്ചപ്പെട്ടു. നെറ്റ് എൻപിഎ 2016 ജൂൺ 30-ന് 3.13 ശതമാനമാണ്. മുൻവർഷമിതേ കാലയളവിലിത് 4.43 ശതമാനമായിരുന്നു. കമ്പനി 33 ശതമാനം പ്രൊവിഷൻ കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. മുൻവർഷമിതേ കാലയളവിലിത് 20 ശതമാനമായിരുന്നു.

കമ്പനിയുടെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം കൈകാര്യംചെയ്യുന്ന ആസ്തി റിപ്പോർട്ടിംഗ് ക്വാർട്ടറിൽ 28 ശതമാനം വർധനയോടെ 28,404 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 22,213 കോടി രൂപയായിരുന്നു. മൊത്തം ആസ്തിയുടെ 40 ശതമാനത്തോളം ഇക്വിറ്റി ആസ്തിയാണ്. ഇതിന്റെ വലുപ്പം മുൻവർഷമിതേ കാലയളവിലെ 9,107 കോടിയിൽനിന്നു 11,381 കോടി രൂപയിലേക്കുയർന്നിട്ടുണ്ട്.