ഫെഡറൽ ബാങ്കിന് 167.31 കോടി രൂപ അറ്റാദായം

Posted on: July 31, 2016

Federal-bank-branch-bigകൊച്ചി : ഫെഡറൽ ബാങ്കിന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 167.31 കോടി രൂപ അറ്റാദായം. കഴിഞ്ഞ സാമ്പത്തികവർഷം (2015-16 ) ഒന്നാം ക്വാർട്ടറിലെ 367.21 കോടിയിൽ നിന്ന് 2016 ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ 15.97 ശതമാനം വർദ്ധിച്ച് 425.86 കോടി രൂപയായി. ആകെ വരുമാനം 798.70 കോടിയിൽ നിന്ന് 16.4 ശതമാനം വർദ്ധിച്ച് 929.71 കോടിയായി. പലിശ വരുമാനം 14.45 ശതമാനം വർദ്ധിച്ച് 692.17 കോടിയിലുമെത്തി.

ബാങ്കിന്റെ ആകെ ബിസിനസ് 15.25 ശതമാനം വർദ്ധിച്ച് 140249.79 കോടിയിലെത്തി. ആകെ നിക്ഷേപം 12.47 ശതമാനം വർദ്ധിച്ച് 81132.11 കോടിയിലാണ് എത്തിയിരിക്കുന്നത്. സേവിംഗ്‌സ് നിക്ഷേപങ്ങൾ 20.04 ശതമാനം വർദ്ധിച്ച് 22668.39 കോടിയിലും എൻആർഇ നിക്ഷേപം 24.54 ശതമാനം വർധിച്ച് 32120.83 കോടിയിലും എത്തി. എസ്എംഇ വായ്പകൾ 17.79 ശതമാനത്തിന്റെ വളർച്ച കാണിക്കുന്നു. ജൂൺ 30 ലെ കണക്കനുസരിച്ച് 15325.04 കോടിയാണിത്. ആകെ വായ്പ 49551.75 കോടിയിൽ നിന്ന് 19.3 ശതമാനം വർധിച്ച് 59117.68 കോടിയിലെത്തി.