സംരംഭകര്‍ പ്രതിസന്ധിയിലും അവസരങ്ങള്‍ കണ്ടെത്തണം : ക്രിസ് ഗോപാലകൃഷ്ണന്‍

Posted on: February 13, 2021

കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്റ്റര്‍ട്ടപ്പ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം.) സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍ നിക്ഷേപം സമാഹരിച്ചു. രാജ്യത്തെ അഞ്ചു ശതമാനം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലേതാണ്. രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ട്. കാര്‍ഷിക മേഖലയിലും ഭക്ഷ്യോത്പാദനത്തിലും കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ ഈ വര്‍ഷത്തോടെ അഞ്ചുലക്ഷം ചതുരശ്രയടിയായി ഉയര്‍ത്തും. കോവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തെ 26 സ്റ്റാര്‍ട്ടപ്പുകള്‍ 400 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.