ക്ലൗഡ്‌സെക്കിന് ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ പുരസ്‌കാരം

Posted on: December 26, 2020

കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്തെ സ്റ്റാര്‍ട്ട്അപ്പായ ക്ലൗഡ് സെക്കിനെ നാസ്‌കോമിന്റെ ഡേറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.എസ്.സി.ഐ.) യുടെ ഈ വര്‍ഷത്തെ മികച്ച സൈബര്‍ സെക്യൂരിറ്റി പ്രൊഡക്ട് കമ്പനിയായി തിരഞ്ഞെടുത്തു. സംരംഭത്തിന്റെ എക്സ് വിജില്‍ എന്ന സോഫ്റ്റ്വേറാണ് ഈ നേട്ടം സംരംഭത്തിന് നേടിക്കൊടുത്തത്. മൂന്നു തലങ്ങളിലായി നടന്ന പ്രക്രിയയിലൂടെയാണ് സംരംഭത്തെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ സൈബര്‍ സുരക്ഷാ മേഖലയിലുള്ള 200 സംരംഭങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

ഏഷ്യയിലെ തന്നെ സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളില്‍ പ്രധാനിയാണ് ക്ലൗഡ് സെക്. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരിലൊരാളായ രാഹുല്‍ ശശിയാണ് സംരംഭത്തിന്റെ അമരക്കാരന്‍. രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പലതും ക്ലൗഡ് സെക്കിന്റെ ഉപഭോക്താക്കളാണ്. 2015-ല്‍ മാവേലിക്കര സ്വദേശിയായ രാഹുല്‍ കൊച്ചി കേന്ദ്രീകരിച്ചാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് ബെംഗളൂരു, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലും ഓഫീസുകള്‍ ആരംഭിച്ചു. രാഹുലിന്റെ പ്രവര്‍ത്തനത്തിന് കൂട്ടായി സൗരഭ് ഇസാറും സി.ഇ.ഒ.യായി ക്ലൗഡ് സെക്കിലെത്തി. നിലവില്‍ 100 പേരാണ് സംരംഭത്തിനു കീഴില്‍ ജോലി ചെയ്യുന്നത്.