സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ : ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഒന്നാം സ്ഥാനം

Posted on: August 9, 2020

ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഓണ്‍ലൈനായി നടത്തിയ ഹാക്കത്തോണിന്റെസോഫ്റ്റ്‌വേർ വിഭാഗത്തിലാണു ക്രൈസ്റ്റിന്റെ വിജയം.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ച പോബ്ലം സ്റ്റേറ്റ്‌മെന്റിനു സോഫ്റ്റ്‌വേർ സൊലൂഷന്‍ ഒരുക്കിയ ടീമിന് ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന ഇരുചക്ര വാഹനങ്ങളുടെ മോഷണം തടയുവാനും ഇന്ധനം ചോര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാനുമാണ് തെഫ്റ്റ് ഓഫ് സോഫ്റ്റ്‌വേർ സൊലൂഷന്‍ വികസിപ്പിച്ചത്.

വാഹനത്തില്‍ ഘടിപ്പിച്ച ആക്‌സിലറേറ്റര്‍ സെന്‍സര്‍, ജിപിഎസ്സെന്‍സര്‍, ജിഎസ്എം സെന്‍സര്‍, വൈബ്രേഷന്‍ സെന്‍സര്‍ എന്നിവയുടെ സഹായത്തോടെ മോഷണ സാഹചര്യങ്ങള്‍ മനസിലാ
ക്കി തെഫ്റ്റ് ഓഫ് സോഫ്റ്റ്‌വേറിലൂടെ ഉടമസ്ഥനേയും അടുത്തുള്ള മറ്റ് ഉപയോക്താക്കളെയും അറിയിക്കുന്ന സാങ്കേതികവിദ്യയാണ് ഇവര്‍ ഒരുക്കിയത്.

കോളജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികളായ സി. കൃഷ്ണപ്രസാദ്, ആല്‍ബിന്‍ ജോസഫ്, എലീന സാജന്‍, ആന്റീട്രസ ബെന്നി എന്നിവരും കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികളായ ഐ.എസ്. ശരത്ത്, ഓസ്റ്റിന്‍ ആന്റണി എന്നിവരും ചേര്‍ന്നാണു ‘തെഫ്റ്റ് ഓഫ്’ നിര്‍മിച്ചത്.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഈ പ്രോജക്ടിനെ ഒരു പ്രോഡക്ടായി വികസിപ്പിക്കുവാനാണു  ശ്രമിക്കുന്നതെന്നു ഇലക്ട്രോണിക്‌സന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അധ്യാപകനും പ്രോജക്ടിന്റെ മെന്‍ഡറുമായ രാഹുല്‍ മനോഹര്‍ അറിയിച്ചു.