തനിഷ്‌ക് ‘ടെയില്‍സ് ഓഫ് മിസ്റ്റിക്’ ശേഖരം പുറത്തിറക്കി

Posted on: July 7, 2023

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്‌ക് രാജസ്ഥാനിലെ കൊട്ടാരങ്ങളുടെയും നഗരദൃശ്യങ്ങളുടെയും വാസ്തുവിദ്യാ സൗന്ദര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അപൂര്‍വവും വിലയേറിയതുമായ വജ്രങ്ങളുടെയും നിറമുള്ള രത്‌നക്കല്ലുകളുടെയും അതിമനോഹരമായ ശേഖരം പുറത്തിറക്കി. ‘ടെയില്‍സ് ഓഫ് മിസ്റ്റിക്’ എന്ന പേരിലുള്ള ഈ ശേഖരത്തിന്റെ സമാരംഭത്തോടെ 2023-24 ഫാള്‍-വിന്റര്‍ പാരീസ് ഹൗട്ട് കൊറ്റിയര്‍ വീക്കില്‍ പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ രാഹുല്‍ മിശ്രയുമായുള്ള പങ്കാളിത്തത്തോടെ അരങ്ങേറ്റം കുറിക്കുന്നതിനും തനിഷ്‌കിന് കഴിഞ്ഞു.

ടെയില്‍സ് ഓഫ് മിസ്റ്റിക് ശേഖരത്തിലെ ഓരോ ആഭരണവും രാജസ്ഥാനിലെ വാസ്തുവിദ്യാ വിസ്മയങ്ങളായ കൊട്ടാരങ്ങളുടെ സൂക്ഷ്മതകള്‍ പകര്‍ത്തുന്നവയാണ്. ഈ കൊട്ടാരങ്ങള്‍ അവയുടെ എല്ലാ പ്രൗഢിയോടെയും അനുഭവിക്കാന്‍ ഇവിടെയെത്തുകയും അവയുടെ കഥകള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒരു സഞ്ചാരിയുടെ യുവത്വമാര്‍ന്ന കണ്ണുകളിലൂടെയാണ് ഈ ആഭരണങ്ങള്‍ അവയുടെ കഥ പറയുന്നത്. അതിമനോഹരമായ ആഭരണങ്ങളുടെ 60 രൂപകല്പനകളിലൂടെ തനിഷ്‌ക് അവയെ പുനരാവിഷ്‌ക്കരിച്ചു.

മഹത്തായ ഝരോഖകള്‍, കമാനങ്ങള്‍, താഴികക്കുടങ്ങള്‍, കോണിപ്പടികള്‍ എന്നിവയുടെ മനോഹാരിത ഉള്‍ക്കൊള്ളിച്ചാണ് ഓരോ രത്‌നവും ത്രിമാന രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തിനൊപ്പം സെമിപ്രഷ്യസ് കളര്‍ സ്റ്റോണുകളും, ഫാന്‍സി കട്ട് ഡയമണ്ടുകളും ചേര്‍ത്തുള്ള അതുല്യമായ രൂപകല്പനയാണ് ടെയില്‍സ് ഓഫ് മിസ്റ്റിക് ശേഖരത്തിലെ ആഭരണങ്ങള്‍ക്കുള്ളത്.

അതുല്യമായ കരകൗശല മികവിനെ സാങ്കേതിക വൈദഗ്ധ്യവുമായി സംയോജിപ്പിച്ചു കൊണ്ട് കലാപരമായ ആവിഷ്‌കാരത്തിന്റെ മൂര്‍ത്തരൂപമായി മാറ്റുന്ന കരകൗശല വിദഗ്ധര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ശേഖരം.

തന്റെ ആഭരണ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ആസ്വാദകന്റെ പ്രിയപ്പെട്ട ജ്വല്ലറിയാകാനുള്ള തനിഷ്‌കിന്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ശേഖരമെന്ന് തനിഷ്‌ക് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രഞ്ജനി കൃഷ്ണസ്വാമി പറഞ്ഞു. ഞങ്ങളുടെ ചിന്തകള്‍ ആധുനിക ഇന്ത്യന്‍ സ്ത്രീ, ആഭരണങ്ങളിലെ അവളുടെ വിപുലമായ തിരഞ്ഞെടുപ്പുകള്‍, പഴമയിലുള്ള അവളുടെ ജിജ്ഞാസ, കലയിലെ അവളുടെ സ്വതസിദ്ധമായ അഭിരുചി എന്നിവയെക്കുറിച്ചാണെന്നും അവര്‍ പറഞ്ഞു.

ടെയില്‍സ് ഓഫ് മിസ്റ്റിക്കിലൂടെ നിറം, സംസ്‌കാരം, സൗന്ദര്യശാസ്ത്രം എന്നിവ അവകാശപ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള രത്‌നാഭരണങ്ങളുടെ ഒരു നിരയുമായി തനിഷ്‌ക് രാജസ്ഥാന്റെ ചൈതന്യത്തിന് പുതിയ ഭാവം നല്‍കുകയാണെന്ന് തനിഷ്‌ക് ഡിസൈന്‍ വിഭാഗം മേധാവി ഗരിമ മഹേശ്വരി പറഞ്ഞു. രാജസ്ഥാനിലെ ഗംഭീരമായ കൊട്ടാരങ്ങള്‍, മനോഹരമായ കോട്ടകള്‍, ആകര്‍ഷകമായ നഗരദൃശ്യങ്ങള്‍ എന്നിവയുടെ മനോഹരമായ വാസ്തുവിദ്യാ വിശദാംശങ്ങളില്‍ മറഞ്ഞിരിക്കുന്ന കഥകളാണ് ഈ ശേഖരം വിവരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വളര്‍ന്നുകൊണ്ടിരിക്കുന്ന അഭിരുചികളുള്ള ഇന്നത്തെ വിവേകമുള്ള, സ്ത്രീകളെയും അവരുടെ സവിശേഷമായ വ്യക്തിത്വം പോലെ തന്നെയുള്ള ആകര്‍ഷണീയമായ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ആഗ്രഹത്തെയും മനസ്സില്‍ വച്ചുകൊണ്ടാണ് അതിമനോഹരമായ കരകൗശല വൈദഗ്ധ്യവും രൂപകല്‍പ്പനയും ഈ ശേഖരത്തില്‍ ഒന്നിപ്പിച്ചിരിക്കുന്നത്.

പാരീസിലെ ഹൗട്ട് കൊറ്റിയര്‍ വീക്കില്‍ ഞങ്ങളുടെ കൊറ്റിയര്‍ ഫാള്‍ 2023 ഷോകേസില്‍ ആഭരണ പങ്കാളിയായി ഈ സീസണില്‍ തനിഷ്‌ക് ചേരുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാഹുല്‍ മിശ്ര പറഞ്ഞു. ഇന്ത്യയിലെ അതിന്റെ മേഖലയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് എന്ന നിലയില്‍ തനിഷ്‌കിന്റെ സാംസ്‌കാരിക സ്വാധീനത്തെ അഭിനന്ദിക്കുന്നു. ആഭരണ നിര്‍മ്മാണത്തിലെ അവരുടെ പ്രവര്‍ത്തനത്തിനും വൈദഗ്ധ്യത്തിനും ഒപ്പം ഇന്ത്യയിലെ പ്രാദേശിക കരകൗശല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളും സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.