മലയാളത്തില്‍ ഓഡിയോ ബുക്കുകളുമായി സ്റ്റോറി ടെല്‍

Posted on: December 3, 2020

വടക്കന്‍ യൂറോപ്പിലെ മുന്‍നിര ഓഡിയോ ബുക്ക്, ഇ ബുക്ക് സേവനദാതാക്കളായ സ്റ്റോറി ടെല്‍, ഡിസി ബുക്ക്സുമായി സഹകരിച്ചുകൊണ്ട് മലയാളത്തില്‍ ഓഡിയോ ബുക്കുകള്‍ അവതരിപ്പിച്ചു.

ഒ.വി. വിജയന്‍, എം.ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, തകഴി എന്നിവരുടെ ക്ലാസിക്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഓഡിയോ ബുക്കുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സമകാലീന സാഹിത്യകാരന്മാരായ ബെന്യാമിന്‍, ജി.ആര്‍. ഇന്ദുഗോപന്‍, കെ.ആര്‍. മീര, ലജോ ജോസ് എന്നിവരുടെ പുസ്തകങ്ങളും ഉണ്ട്. പ്രൊഫ. ടി.ജെ. ജോസഫിന്റെ ആറ്റുപൊക്കത്തെ ഓര്‍മകള്‍, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കര്‍ത്താവിന്റെ നാമത്തില്‍, ബ്രയാന്‍ ട്രേസിയുടെ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തി, ബി.എസ്. വാര്യരുടെ വിജയത്തിലേയ്ക്ക് ഒരു താക്കോല്‍ എന്നിവയും ഓഡിയോ ബുക്കുകളില്‍ ഉണ്ട്.

എവിടെയും എപ്പോഴും സ്റ്റോറി ടെല്‍ ഓഡിയോ കഥകള്‍ കേള്‍ക്കാം എന്നതാണ് പ്രത്യേകത. സ്റ്റോറി ടെല്‍ ആപ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡു ചെയ്യാം.

കഴിഞ്ഞ മൂന്നു വര്‍ഷമായി സ്റ്റോറി ടെല്ലിന് ഇന്ത്യയില്‍ സാന്നിധ്യം ഉണ്ടെന്ന് സ്റ്റോറി ടെല്‍ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഒരു ലക്ഷത്തിലേറെ ഓഡിയോ ബുക്കുകള്‍ സ്റ്റോറി ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാഹിത്യ പ്രേമികള്‍ക്ക് കാലാതീതമായ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ എപ്പോഴും കേള്‍ക്കാം, റൂത്തിന്റെ ലോകം, ഡച്ചു ബ്ലംഗാവിലെ പ്രേതശബ്ദം, കാളി ഗന്ധകി തുടങ്ങിയ ക്രൈം തില്ലറുകളും പ്രേമലേഖനം, നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം എന്നിവയും ജനപ്രിയങ്ങളാണ്. അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ ഉടനെ വിപണിയിലെത്തും.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ ഒ എസ് ആപ്പ് സ്റ്റോറിലും സ്റ്റോറിടെല്‍ ആപ്പ് ലഭ്യമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.storytel.com

TAGS: DC Books | Storytel |