പോര്‍ട്ടബിള്‍ യുവി-സി അണുനാശന സംവിധാനവുമായി സിഗ്‌നിഫൈ ഇന്നൊവേഷന്‍സ്

Posted on: July 4, 2020

സിഗ്നിഫൈ ഇന്നോവേഷൻസ് വീടുകളിൽ ഉപയോഗിക്കാവുന്ന പോർട്ടബിൾ യുവി-സി അണുനാശന സംവിധാനം വിപണിയിൽ അവതരിപ്പിച്ചു.  കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന സാര്‍സ്-സിഒവി-2 വൈറസിനെ കാര്യക്ഷമമായി നിര്‍വീര്യമാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള യുവി-സി റേഡിയേഷന്‍ സാങ്കേതികവിദ്യയാണ് ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സാങ്കേതിക തികവോടെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഉപകരണം എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കുറഞ്ഞ പരിപാലന ചെലവുള്ളതുമാണ്.
അടച്ചിട്ട ശ്രോതസില്‍ നിന്ന് പ്രകാശരശ്മികള്‍ പ്രവഹിക്കുന്ന ഉപകരണം വസ്തുവിന്റെ വലുപ്പമനുസരിച്ച് രണ്ടു മുതല്‍ എട്ട് മിനിറ്റ് വരെ സമയം കൊണ്ട് അണുനശീകരണം പൂര്‍ത്തിയാക്കും. 

ഒതുക്കമുള്ള ഡിസൈനിലുള്ള ഫിലിപ്‌സ് യുവി-സി അണുനാശന സംവിധാനം വഴി പഴങ്ങളും പച്ചക്കറികളും, ഭക്ഷണപ്പൊതികള്‍, താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍, സ്റ്റേഷനറി, ലാപ്‌ടോപ്പുകള്‍, കുട്ടികളുടെ ഉത്പന്നങ്ങള്‍ തുടങ്ങി വീടുകളില്‍ ദിനംപ്രതി ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെ വേഗത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാം. പഴങ്ങളിലും പച്ചക്കറികളിലും യുവി-സി രശ്മികള്‍ പതിക്കുന്നത് വഴി അവയുടെ ആയുസ് വര്‍ധിക്കുകയും കൂടുതല്‍ നാള്‍ പുതുമയോടെ നിലനില്‍ക്കുകയും ചെയ്യും. 10, 15, 30 ലിറ്ററുകളുടെ മൂന്ന് വേരിയന്റുകളിലായാണ് ഉത്പന്നം എത്തുന്നത്. യഥാക്രമം 7990 രൂപ, 9990 രൂപ, 11,990 രൂപ എന്നിങ്ങനെയാണ് വില.  പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഫിലിപ്‌സ് സ്മാര്‍ട്ട് ലൈറ്റ് ഹബുകളിലും ഇവ ലഭ്യമാകും.

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍ഇഐഡിഎല്ലുമായി സഹകരിച്ച് സിഗ്‌നിഫൈ ലോകത്താദ്യമായി ഗവേഷണം നടത്തിയിരുന്നു. യുവി-സി പ്രകാശ രശ്മികള്‍ കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസുകളെ നിര്‍വീര്യമാക്കുമെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിരുന്നു.  ചില്ലറവില്‍പ്പന, ടൂറിസം, ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, ഭക്ഷ്യവിതരണ സേവനങ്ങള്‍, ഗതാഗതം തുടങ്ങിയ മേഖലകളിലുടനീളം പ്രയോഗിക്കാവുന്ന നൂതന യുവി-സി ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ട്രാക്ക് റെക്കോഡും കമ്പനിക്ക് ഉണ്ടെന്ന് സിഗ്‌നിഫൈ ഇന്നൊവേഷന്‍സ് ഇന്ത്യ  വൈസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ജോഷി പറഞ്ഞു.

യുവി-സി റേഡിയേഷന്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ത്വക്കിനും കണ്ണിനും അപകടകരമാണെങ്കിലും വീടുകളില്‍ പൂര്‍ണ്ണമായും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഫിലിപ്‌സ് യുവി-സി അണുനാശന സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യുവി-സി അണുനാശന സംവിധാനത്തിനുള്ളില്‍ തന്നെ യുവി-സി റേഡിയേഷന്‍ ഒതുക്കി നിര്‍ത്തുന്ന പ്രത്യേക ഗ്ലാസ് ഡോര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ കാണാന്‍ കഴിയുന്ന പ്രകാശ രശ്മികള്‍ മാത്രമേ കടന്നുപോകൂ. ഡോര്‍ അറിയാതെ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ യുവി-സി ലാംപ് ഓട്ടോമാറ്റിക്കായി കട്ട്-ഓഫ് ആകുന്ന ഇന്‍ബില്‍റ്റ് യൂസര്‍ സേഫ്റ്റി ഫീച്ചറും ഇതിലുണ്ട്.

അണുനശീകരണത്തിന് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെയുള്ള രീതിയാണ് അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യ നല്‍കുന്നത്. 253.7 വേവ് ലൈംഗ്തിലുള്ള യുവി-സി പ്രകാശത്തിന് ശക്തമായ അണുനശീകരണ ശക്തിയുണ്ട്. ഇവ ബാക്ടീരിയകളുടെയും വൈറസുകളുടെയും മറ്റു രോഗാണുക്കളുടെയും ഡിഎന്‍എയെ നിര്‍വീര്യമാക്കുകയും ഇരട്ടിക്കാനും അണുബാധയുണ്ടാക്കാനുമുള്ള ശേഷി നശിപ്പിക്കുകയും ചെയ്യും. കാര്യക്ഷമവും ഫലപ്രദവും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നതുമാണ് വസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിന് പ്രകാശരശ്മികള്‍ ഉപയോഗിക്കുന്നതിന്റെ ഗുണം. പ്രതലത്തില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കുറയ്ക്കാന്‍ യുവി-സി പ്രകാശത്തിന് കഴിയും.