ബംഗലുരുവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Posted on: October 12, 2021

ബംഗളൂരു : ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. കര്‍ണാടക മുന്‍മന്ത്രി ഡി.ശിവകുമാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍എം.എ. യൂസഫലി, എക്‌സിക്യൂട്ടി ഡയറക്ടര്‍ എം.എ. അഷ്‌റഫലി, ലുലു ഇന്ത്യഡയറക്ടര്‍ എ.വി.ആനന്ദ് ഉള്‍പ്പെടെ നിരവധി മുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബംഗളുരു രാജാജി നഗറില്‍ പുതുതായി ആരംഭിച്ച ഗ്ലോബല്‍മാളിലാണ് രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളുരുവില്‍ ലുലുഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപിംഗ് അനുഭവം ബംഗളുരുവിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്. നേരിട്ടും അല്ലാതെയും ഏകദേശം അയ്യായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷാവസാനം പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും യൂസഫലികുട്ടിച്ചേര്‍ത്തു.