എം.സി.എക്‌സിൽ പ്രകൃതിദത്ത റബറിന്റെ അവധിവ്യാപാരം ആരംഭിച്ചു

Posted on: December 29, 2020

കൊച്ചി: മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം.സി.എക്‌സ്.) പ്രകൃതിദത്ത റബ്ബറിന്റെ അവധിവ്യാപാരം ആരംഭിച്ചു. 2021 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള റബ്ബര്‍ അവധിവ്യാപാര കരാര്‍ നിലവില്‍ എം.സി.എക്‌സില്‍ ലഭ്യമാണ്. റിബ്ബ്ഡ് സ്‌മോക്ഷീറ്റ് 4 (ആര്‍.എസ്.എസ്. 4) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വില്പനയാണ് നടക്കുക.

മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തിദിനത്തില്‍ അവധിവ്യാപാര കരാറിന്റെ സെറ്റില്‍മെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകള്‍ക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം.

രാജ്യത്ത് ഏറ്റവും അധികം റബ്ബര്‍ ഉത്പാദനം നടക്കുന്നത് കേരളത്തിലായതിനാല്‍ സംസ്ഥാനത്തിന് ഇത് നേട്ടമാണെന്ന് എം.സി.എക്‌സ്. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ പി.എസ്. റെഡ്ഡി പറഞ്ഞു.

 

TAGS: MCX |