ഭവന, വാഹന, ഹോട്ടൽ മേഖലകളുടെ തിരിച്ചുവരവിന് രണ്ട് വർഷം വേണ്ടി വരുമെന്ന് ഫിക്കി

Posted on: April 11, 2020

മുംബൈ : കോവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് രാജ്യത്തെ ഭവന, വാഹന, ഹോട്ടൽ  മേഖലകള്‍ കരകയറണമെങ്കില്‍ ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം വേണ്ടിവരുമെന്ന് വ്യവസായ കൂട്ടായ്മയായ ഫിക്കിയുടെ സര്‍വേ. നിലവില്‍ രോഗബാധ തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തിരിത്തുകൊണ്ടുവരുന്നതിന് പത്തുലക്ഷംകോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗതാഗതം, ടൂറിസം, ചരക്കുനീക്കം, വിനോദം, ഉപഭോക്തൃ ഉത്പന്ന മേഖല തുടങ്ങിയ രംഗങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ഇവയ്ക്കും സാധാരണ നില കൈവരിക്കാന്‍ രണ്ടുവര്‍ഷംവരെ വേണ്ടിവന്നേക്കാം. ഉപഭോഗത്തില്‍ എത്ര വര്‍ധനയുണ്ടാകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലകളുടെ തിരിച്ചുവരവ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തേജക നടപടികള്‍ നിര്‍ണായകമാകും.

വസ്ത്രം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പാനീയങ്ങള്‍, ഇന്‍ഷുറന്‍സ്, കൃഷി, രാസവ്യവസായം, ലോഹം ഖനനം, സേവന മേഖല വ്യവസായ സംരംഭങ്ങള്‍, ചില്ലറവ്യാപാര മേഖല, ആരോഗ്യരംഗം തുടങ്ങിയ വിഭാഗങ്ങള്‍ ഒമ്പതുമുതല്‍ പന്ത്രണ്ടുമാസംകൊണ്ട് പഴയ നിലയിലേക്ക് എത്തിയേക്കാം. ഭക്ഷണ വിതരണം, ടെലികമ്യൂണിക്കേഷന്‍, ഉപഭോക്തൃ സേവനം, മരുന്ന് തുടങ്ങിയ മേഖലകള്‍ ആറുമുതല്‍ ഒമ്പതുവരെ മാസംകൊണ്ട് ശതമായി തിരിച്ചുവരും. ഇവര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാകേണ്ടതുണ്ട്. രാജ്യത്തെ വ്യവസായ മേഖലയുടെ ഉണര്‍വ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) നാലുമുതല്‍ അഞ്ചുശതമാനം വരെ ഈ മേഖലയുടേതാണ്.

തൊഴില്‍ രംഗത്തും ഈ മേഖല നിര്‍ണായകമായിരിക്കും. ജി.ഡി.പി.യും ഇന്ത്യയുടെ കടബാധ്യതയും തമ്മിലുള്ള അനുപാതം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തേജക പാക്കേജില്‍ പ്രഖ്യാപിക്കുന്ന പണം വിവിധ തലങ്ങളില്‍ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്താനാകണം.

ഏറ്റവും താഴെ തലത്തിലുള്ളവര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുമെല്ലാം ഇതിന്റെ ഫലം ലഭ്യമാക്കണമെന്നും ഫിക്കി നിര്‍ദേശിക്കുന്നു. ഇതിനു പുറമേ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കാനും അവയുടെ സ്വയം പര്യാപ്തതയ്ക്കും നടപടി വേണം. ഇതിനായി വ്യവസായ ക്ലസ്റ്ററുകളും വിതരണ ശൃംഖലകളും സൃഷ്ടിക്കപ്പെടണം. ശാസ്ത്രഗവേഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളിലൂടെയും രാജ്യത്തിന്റെ കരുത്തും സ്വയം പര്യാപ്തതാ ശേഷിയും വര്‍ധിപ്പിക്കുന്നതിന് രണ്ടുലക്ഷം കോടി രൂപയുടെ ഭാരത് സ്വയം പര്യാപത്താ ഫണ്ട് രൂപവത്കരിക്കണമെന്നും ഫിക്കി റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു.

TAGS: Ficci |