ഡേറ്റ സെന്റര്‍ : ഇന്ത്യയില്‍ 70,000 കോടി മുടക്കാന്‍ അദാനി ഗ്രൂപ്പ്

Posted on: July 13, 2019

മുംബൈ : വ്യവയായി ഗൗതം അദാനി തുറമുഖ, ഖനന, വ്യോമയാന മേഖലയ്ക്കു പിന്നാലെ ഡേറ്റ സെന്റര്‍ വ്യവസായത്തിലേക്കും കടക്കുന്നു. ആമസോണ്‍ ഡോട്ട് കോം, ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയ്ക്കായി ഇന്ത്യയില്‍ ഡേറ്റ സെന്റര്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഡേറ്റ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. ഇന്ത്യന്‍ ബാങ്കുകളുടേയും പേമെന്റ് ബാങ്കുകളുടെയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കമ്പനികളുടെയും ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന് ആര്‍.ബി.ഐ. കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ ഡേറ്റ പാര്‍ക്ക് ഒരുക്കുന്നതിന് അടുത്ത ഏതാനും വര്‍ഷത്തേക്ക് 70,000 കോടിയോളം രൂപ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്താവും ഡേറ്റ സെന്റര്‍ ഒരുക്കുന്നത്.

ഇന്ത്യ നിയമം കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ വിദേശ സാങ്കേതിക വിദ്യാകമ്പനികളില്‍ നിന്ന് ഡേറ്റ സെന്ററിനായി കൂടുതല്‍ ആവശ്യക്കാര്‍ വരുമെന്നാണ് കരുതുന്നത്. 5 ജിയും അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളും എത്തുന്നതോടെ വലിയ വിപ്ലവം തന്നെ ഈ മേഖലയില്‍ ഉണ്ടാകും.
ഇന്ത്യയില്‍ ഡേറ്റ പ്രാദേശികവത്കരണത്തിന് റിലയന്‍സ് ഗ്രൂപ്പിന്റെ മുകേഷ് അംബാനിയാണ് ആദ്യം പിന്തുണയുമായി രംഗത്തുവന്നത്.

രാജ്യത്ത് പലയിടത്തായി റിലയന്‍സ് ഡേറ്റ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഡേറ്റ സെന്ററുകള്‍ ഇന്ത്യക്കാര്‍തന്നെ നിയന്ത്രിക്കണമെന്നാണ് മുകേഷ് അംബാനി ആവശ്യപ്പെടുന്നത്. അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയും ഡേറ്റ സെന്ററുകള്‍ നടത്തുന്നുണ്ട്.

2018 – ലെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള കരടു ബില്ലില്‍ വ്യക്തിവിവരങ്ങള്‍ ഇന്ത്യയില്‍തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിഗതി വിവരങ്ങളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതോടെ പല രാജ്യങ്ങളും ഇതേ പാതയിലാണ്. അമേരിക്കന്‍ കമ്പനിയായ ഫെയ്‌സ് ബുക്ക് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിവിറ്റത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡേറ്റാ സുരക്ഷയ്ക്ക് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

TAGS: Adani Group |