ഊര്‍ജ്ജ സംരക്ഷണ റാലിയും സെമിനാറും സംഘടിപ്പിച്ചു

Posted on: December 19, 2022

തൃശൂര്‍ : ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും ചേര്‍ന്ന് ഊര്‍ജ്ജ കിരണ്‍ പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ റാലിയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.

പട്ടിക്കാട് ഇസാഫ് ബാങ്കിന് സമീപം നടന്ന പരിപാടി റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച റാലി പാണഞ്ചേരി പഞ്ചായത്ത് പരിസരത്ത് അവസാനിച്ചു. പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പ്രതിനിധി പി ജെ മാത്യു സെമിനാറിന് നേതൃത്വം നല്‍കി. പട്ടിക്കാട് ഇലക്ട്രിസിറ്റി വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു, പട്ടിക്കാട് എസ്.ഐ. ഷാജു എ ഒ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, വനിത സ്വയം തൊഴില്‍ സംരംഭകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.