പുതുതലമുറ ഓട്ടോമോട്ടീവ് സോഫ്ട്‌വെയര്‍ വികസിപ്പിക്കാന്‍ സോഫി എസ്.ഐ.ജിയുമായി കൈകോര്‍ത്ത് ആക്‌സിയ ടെക്നോളജീസ്

Posted on: January 16, 2024

കൊച്ചി : തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹനസോഫ്ട്‌വെയര്‍ കമ്പനിയായ ആക്‌സിയ ടെക്നോളജീസ്, അന്താരാഷ്ട്ര തലത്തില്‍ ഓട്ടോമോട്ടീവ്, ടെക്നോളജി രംഗങ്ങളിലെ സഹകരണകൂട്ടായ്മയായ സോഫീയുമായി (SOAFEE) കൈകോര്‍ക്കുന്നു. സോഫി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ”സ്‌കെയ്ലബിള്‍ ഓപ്പണ്‍ ആര്‍കിടെക്ച്ചര്‍ ഫോര്‍ എംബഡ്ഡഡ് എഡ്ജ്” എന്ന സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പുമായാണ് മലയാളിയായ ജിജിമോന്‍ ചന്ദ്രന്‍ നയിക്കുന്ന ആക്‌സിയ ടെക്നോളജീസ് സഹകരിക്കുന്നത്. കൂടുതല്‍ മികവുറ്റതും വേഗമേറിയതുമായ സോഫ്ട്‌വെയറുകള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും പ്രയോഗിക്കാനും കമ്പനിക്ക് ഇതുവഴി അവസരമുണ്ടാകും.

രാജ്യാന്തര തലത്തില്‍ വാഹന, സാങ്കേതികവിദ്യാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര വ്യക്തികളും വിദഗ്ധരുമാണ് സോഫീയിലെ അംഗങ്ങള്‍. അവരുടെ അറിവും ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും ഈ കൂട്ടായ്മയ്ക്കുള്ളില്‍ പങ്കുവെക്കുന്നതിലൂടെ മേഖലയിലാകെ കരുത്തുറ്റതും മികവേറിയതുമായ സാങ്കേതികമുന്നേറ്റം സാധ്യമാകുന്നു. ഭാവിയിലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഒരു ക്ളൗഡ് അധിഷ്ഠിത, ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വെയര്‍ നിര്‍മിക്കുകയാണ് ഈ കൂട്ടായ്മ. ഇന്ന് നമ്മള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. ഈ കൂട്ടായ്മയില്‍ അംഗമാകുന്നതോടെ ആക്‌സിയ ടെക്നോളജീസിനും വലിയ സംഭാവനകള്‍ നല്‍കാനും, സ്വന്തം പ്രവര്‍ത്തനമേഖല കൂടുതല്‍ വിശാലമാക്കാനും കഴിയും. വ്യത്യസ്തമായ ഹാര്‍ഡ്വെയര്‍ കോണ്‍ഫിഗറേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന, ലളിതമായ സോഫ്ട്‌വെയറുകള്‍ ഉണ്ടാക്കാനാണ് ശ്രമം. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സോഫ്ട്‌വെയറുകളായിരിക്കും ഇവ. ആധുനിക വാഹനവിപണിയിലെ സങ്കീര്‍ണമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആക്‌സിയ ടെക്നോളജീസിന്റെ ലക്ഷ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് സോഫീയുടെ ശ്രമങ്ങളും.

വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്ട്‌വെയറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പ്ലാറ്റ്‌ഫോമാണ് സബാറ്റന്‍. കംപ്യുട്ടറികള്‍ക്കുള്ളില്‍ ഒരു ഭാവനാലോകം സൃഷ്ടിച്ച് (വിര്‍ച്വലൈസ് എന്ന സംവിധാനം) അതിനുള്ളില്‍ സബാറ്റന്‍ ഉപയോഗിച്ച് സോഫ്ട്‌വെയറുകള്‍ സൃഷ്ടിക്കാനാണ് ആക്‌സിയ ടെക്നോളജീസ് ശ്രമിക്കുന്നത്. ലിനക്‌സ് ഉപയോഗിച്ചുള്ള സോഫ്ട്‌വെയര്‍ സൃഷ്ടിയില്‍ വ്യത്യസ്തമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. കൂടാതെ ലിനക്സും ആന്‍ഡ്രോയിഡും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിര്‍ച്വല്‍ ഡിജിറ്റല്‍

കോക്ക്പിറ്റ് പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. വാഹനങ്ങളിലെ പ്രധാന സുരക്ഷാഫീച്ചറുകളില്‍ ഒന്നായ ADAS സംവിധാനത്തില്‍ ഉള്‍പ്പെടെ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആക്‌സിയ ടെക്നോളജീസിന്റെ ശ്രമങ്ങള്‍ വഴിയൊരുക്കും. സോഫീയുടെ ക്ളൗഡ് അധിഷ്ഠിത ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സങ്കീര്‍ണമായ ഇത്തരം പ്രോഗ്രാമുകള്‍ പോലും വളരെ വേഗത്തിലും കൃത്യതയോടെയും സൃഷ്ടിക്കാന്‍ ആക്‌സിയ ടെക്നോളജീസിന് കഴിയും.

വാഹനവിപണിയില്‍ വികസനവും പുതുമയും സുരക്ഷയും ഒരുക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹകരണമെന്ന് ആക്‌സിയ ടെക്നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. സോഫീയുമായി സഹകരിച്ച് കമ്പനിയുടെ പ്രവര്‍ത്തനമണ്ഡലവും ലക്ഷ്യവും കൂടുതല്‍ വിശാലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഫീയുടെ ലക്ഷ്യങ്ങളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി, ഓട്ടോമൊബൈല്‍ രംഗത്തെ തങ്ങളുടെ സംഭാവനകള്‍ കൂടുതല്‍ വിപുലമാക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഫിയുമായുള്ള സഹകരണം ആക്സിയയുടെ ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും. കരുത്തുറ്റ, നെക്സ്റ്റ് ജനറേഷന്‍ സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ഈ രംഗത്തെ നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ഭാവിയിലുണ്ടാകുന്ന മാറ്റങ്ങളെ നേരത്തെ തിരിച്ചറിയാനും അവ ഉള്‍ക്കൊള്ളാനുള്ള തയാറെടുപ്പുകള്‍ സ്വീകരിക്കാനും ആക്‌സിയ ടെക്നോളജീസിന്റെ എഞ്ചിനീയര്‍മാരെ ഈ സഹകരണം പ്രാപ്തരാക്കുകയും ചെയ്യും.

TAGS: Acsia | Soaffe |