കോളേജുകളില്‍ സോഫ്റ്റ്വെയര്‍ കോമ്പീറ്റന്‍സ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ആക്‌സിയ ടെക്‌നോളജീസ്

Posted on: January 8, 2022

തിരുവനന്തപുരം : നിരന്തരമായി നവീകരണങ്ങളും നൂതനമായ ആശയങ്ങളും പിറവിയെടുക്കുന്ന മേഖലയാണ് ഐടി. മിടുക്കരായ, തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ അഭാവം നേരിടുന്ന മേഖലകൂടിയാണ് ഐടിയെന്നതാണ് മറ്റൊരു വസ്തുത. കമ്പനികളുടെ ആവശ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ നിലവിലെ പാഠ്യപദ്ധതികള്‍ക്ക് സാധിക്കാത്തതാണ് കാരണം. ഈ പ്രതിസന്ധിയെ മറികടന്ന് ഉന്നതനിലവാരത്തിലുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആക്‌സിയ ടെക്‌നോളജീസ്.

മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ക്കും ഓട്ടോമോട്ടീവ് രംഗത്തെ അനുബന്ധ ടിയര്‍ വണ്‍ കമ്പനികള്‍ക്കും സോഫ്റ്റ്വെയര്‍ അധിഷ്ഠിത സേവനം നല്‍കുന്ന ആക്‌സിയ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ കോമ്പീറ്റന്‍സ് സെന്ററുകള്‍ ഒരുക്കുന്നു. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആക്‌സിയയുടെ ഐടി പ്രൊജക്ടുകളില്‍ ഭാഗമാകാം.

പരിശീലന കേന്ദ്രങ്ങള്‍ എന്നതിനപ്പുറം ഐടി ഡെവലപ്‌മെന്റ് സെന്ററുകള്‍ ആയിട്ടായിരിക്കും ആക്‌സിയയുടെ പ്രൊജക്ട് ലാബുകള്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ വിദ്യാര്‍ത്ഥികളാണ് പ്രധാന ഗുണഭോക്താക്കള്‍. എംബഡഡ് സിസ്റ്റംസ്, ഓട്ടോമോട്ടീവ് വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ പ്രൊജക്ട് ലാബുകള്‍ കൂടുതല്‍ ഗുണം ചെയ്യും. കോഡിംഗ്, പ്രോഗ്രാമിംഗ് തുടങ്ങിയവയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രൊജക്ടുകളുടെ ഭാഗമാകാം.

ഉയര്‍ന്ന അക്കാദമിക നിലവാരത്തോടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പ്രായോഗികമായ വ്യാവസായിക തൊഴില്‍ പരിസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാറില്ല. ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷവും വരേയും, ചിലപ്പോള്‍ അതില്‍ അധികവും കാലം പരിശീലനം നല്‍കിയാണ് കമ്പനികള്‍ അവരുടെ ജീവനക്കാരെ പരുവപ്പെടുത്തിയെടുക്കുന്നത്. ഈ കാലതാമസം പലപ്പോഴും കമ്പനികളുടെ പ്രൊജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനേയും ബാധിക്കും. പഠനകാലത്ത് തന്നെ വേണ്ട പരിശീനം കൊടുത്ത്, പഠിച്ചിറങ്ങുന്നതോടെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള എഞ്ചിനീയര്‍മാരായി അവരെ മാറ്റുകയാണ് പുതിയ പദ്ധതിയിലൂടെ ആക്‌സിയ ലക്ഷ്യമിടുന്നത്.

ചുരുക്കത്തില്‍ ട്രെയിനിംഗിന് കോളേജില്‍ തന്നെ അവസരമൊരുങ്ങുന്നു. ഇതിനകം കേരളത്തിലെ നിരവധി എഞ്ചിനീയറിംഗ് കോളേജുകളാണ് ആക്‌സിയയുടെ ട്രെയിനിംഗ് ആന്റ് ഐടി ഡവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. അക്കാദമിക് പാഠ്യപദ്ധതിയോട് ചേര്‍ന്ന് യഥാര്‍ത്ഥ തൊഴില്‍ പരിസരങ്ങളെ പരിചയപ്പെടുത്തുന്ന ശൈലിയാണ് ആക്‌സിയ സ്വീകരിച്ചിരിക്കുന്നതെന്ന് കമ്പനി സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ഇലക്ട്രോണിക്, സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വന്‍കിട നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് കാര്‍ നിര്‍മാതാക്കള്‍. ഇത് ഓട്ടോമോട്ടീവ് മേഖലയിലെ ഐടി സേവനങ്ങള്‍ക്ക് അനന്തമായ സാധ്യതയാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മിടുക്കരായ പ്രൊഫഷണലുകള്‍ക്ക് അവസരങ്ങള്‍ കൂടുകയാണ്. കോളേജ് കാലത്ത് തന്നെ പ്രായോഗിക പരിചയമുള്ള എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാനായാല്‍ അത് ഐടി മേഖലയ്ക്ക് വലിയ മുതല്‍കൂട്ടാകുമെന്നും ജിജിമോന്‍ ചന്ദ്രന്‍ വ്യക്തമാക്കി.

ക്യാമ്പസുകളിലേക്ക് ഐടി പ്രൊജക്ട് എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കോളേജുകളും കാണുന്നത്. ഐടി മേഖലയും കമ്പനികളും എന്താണോ എഞ്ചിനീയര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാനും അതിന് അനുസരിച്ച് പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ട് വരാനും ആക്‌സിയയുടെ പദ്ധതി സഹായിക്കുമെന്നാണ് കോളേജുകള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോമോട്ടീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ് ഇതിനോടകം ലോകത്തിലെ നിരവധി മുന്‍നിര കാര്‍ നിര്‍മ്മാതാക്കളുമായി സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് കാര്‍, ഇമൊബിലിറ്റി, കണക്റ്റഡ് കാര്‍ ടെക്‌നോളജികളില്‍ സഹകരിച്ചു കഴിഞ്ഞു.

 

TAGS: Acsia |