കുറഞ്ഞ വിലയില്‍ ആടുതീറ്റയുമായി കേരള ഫീഡ്‌സ്

Posted on: February 8, 2021

കൊല്ലം: ആട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് ആടുതീറ്റ വിപണിയിലിറക്കി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സ്. കൊല്ലത്ത് നടന്ന ചടങ്ങില്‍ കേരള ഫീഡ്‌സ് റെഗുലര്‍ എന്ന ആടുതീറ്റ കമ്പനി ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പുറത്തിറക്കി.

വ്യത്യസ്ത കാര്‍ഷികോത്പാദന മേഖലകളായ പച്ചക്കറികൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യം, ആട്-കോഴി വളര്‍ത്തല്‍ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള സംരംഭം കര്‍ഷകര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനുള്ള പിന്തുണയാണ് കേരള ഫീഡ്‌സ് പുറത്തിറക്കുന്ന ആട് തീറ്റ. കമ്പനിയുടെ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകളിലാണ് ഇതുത്പാദിപ്പിക്കുന്നത്. ചാക്കൊന്നിന് 480 രൂപയാണ് വില.
കേരള ഫീഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഹ്രസ്വചിത്രവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേരളത്തില്‍ സംയോജിത കൃഷി വ്യാപകമാകുന്നതിനാല്‍ ആടു വളര്‍ത്തലിന് സാധ്യതയേറി വരികയാണെന്ന് കേരള ഫീഡ്‌സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. വിപണിയില്‍ കുറഞ്ഞ വിലയ്ക്കുള്ള ആട്തീറ്റയുടെ കുറവ് നികത്താനാണ് പുതിയ ഉത്പന്നം കേരള ഫീഡ്‌സ് ആരംഭിച്ചത്. ഇറച്ചിയ്ക്ക് വേണ്ടിയുള്ള ആടുകള്‍ക്കായുള്ള കേരള ഫീഡ്‌സ് മലബാറി പ്രീമിയം തീറ്റ നിലവിലുണ്ട്. അതിനു പുറമെയാണ് പുതിയ ഉത്പന്നമെന്നും അദ്ദേഹം പറഞ്ഞു. ആടുകളുടെ വളര്‍ച്ച, പാലുത്പാദനം, പ്രജനനം എന്നിവയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ സന്തുലിതമായ രീതിയില്‍ അടങ്ങിയതാണ് പുതിയ ആടുതീറ്റയെന്നും എംഡി പറഞ്ഞു.

കേരള ഫീഡ്‌സിന്റെ ഉത്പന്നങ്ങളുടെ ഗുണമേ? നേരിട്ടറിഞ്ഞ ക്ഷീരകര്‍ഷകന്‍ കൂടിയായ ചലച്ചിത്രനടന്‍ ജയറാം കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസഡറാണ്. സംയോജിത കൃഷിയില്‍ താത്പര്യമുള്ളവര്‍ക്കായി കേരള ഫീഡ്‌സ് നടത്തിയ ഒണ്‍ട്രപ്രണേറിയല്‍ വിഗര്‍ പദ്ധതിയിലെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കാലിത്തീറ്റ കുറഞ്ഞനിരക്കില്‍ കേരള ഫീഡ്‌സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 22 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കേരള ഫീഡ്‌സ് ഇന്ന് സംസ്ഥാനത്തെ കാലിത്തീറ്റ വിപണി നിയന്ത്രിക്കുന്ന ചാലക ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് എംഡി ചൂണ്ടിക്കാട്ടി. കാലിത്തീറ്റ ഉത്പാദനത്തിന്റെ 90 ശതമാനം അസംസ്‌കൃത വസ്തുക്കളും സംസ്ഥാനത്തിന് വെളിയില്‍ നിന്ന് വാങ്ങുന്ന സ്ഥാപനമാണിത്. ക്രമാതീതമായി വില കൂടിയിട്ടും അതിന്റെ ഭാരം ക്ഷീരകര്‍ഷകനിലേക്കെത്തിക്കാതെ കാലിത്തീറ്റ വിപണിയില്‍ വില സ്ഥിരതയുണ്ടാക്കാന്‍ കേരള ഫീഡ്‌സിനു കഴിഞ്ഞു.

പ്രളയവും കൊവിഡും വന്നെങ്കിലും പോയവര്‍ഷത്തെ വിറ്റുവരവ് ലക്ഷ്യമായ 500 കോടിയില്‍ 496 കോടി രൂപ നേടാനും സ്ഥാപനത്തിന് കഴിഞ്ഞു. 2016-17 ലെ സഞ്ചിത നഷ്ടം 64 കോടി രൂപയായിരുന്നു. എന്നാല്‍ 2017-18 ല്‍ 2.37 കോടി രൂപ കേരള ഫീഡ്‌സ് ലാഭമുണ്ടാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ മൂന്നു പാദങ്ങളിലുമായി കേരള ഫീഡ്‌സ് 12 കോടി രൂപ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

തൊടുപുഴ പ്ലാന്റിന്റെ പ്രവര്‍ത്തനമാരംഭിച്ചതും, കോഴിക്കോട് ഫാക്ടറിയിലെ ഉത്പാദനം മൂന്ന് ഷിഫ്റ്റാക്കി മാറ്റിയതും ഈ പ്രതിസന്ധി ഘട്ടത്തിലും കേരള ഫീഡ്‌സിന്റെ നേട്ടമാണെന്ന് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേരള ഫീഡ്‌സിന്റെ മൊത്തം ഉത്പാദനം പ്രതിദിനം 950 ടണ്ണില്‍ നിന്നും 1750 ടണ്ണായി ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡിനെ സധൈര്യം നേരിട്ട കേരള ഫീഡ്‌സ് കാരണമാണ് ലോക് ഡൗണ്‍ കാലത്തും സംസ്ഥാനത്തെ കന്നുകാലികള്‍ക്ക് കാലിത്തീറ്റ എത്തിക്കാനായത്. കൊവിഡിന്റെ പ്രതികൂലാവസ്ഥയില്‍ കാലിത്തീറ്റയെന്ന അവശ്യ സേവനത്തിന്റെ പ്രാധാന്യം രാജ്യത്തെ അറിയിക്കാന്‍ കേരള ഫീഡ്‌സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു. രാജ്യത്തെ ഒട്ടു മിക്ക ഫാക്ടറികളും അടഞ്ഞു കിടന്നപ്പോഴും കേരള ഫീഡ്‌സ് ഷിഫ്റ്റുകള്‍ പുന:ക്രമീകരിച്ച് ഉത്പാദനം നടത്തി. അസംസ്‌കൃത വസ്തുക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടന്നപ്പോള്‍ ബഹുമാനപ്പെട്ട വനം-മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ്രീ കെ രാജു നേരിട്ടിടപെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസാരിച്ചാണ് ലോറികള്‍ സംസ്ഥാനത്തെത്തിച്ചത്.

2018 ലെയും 19 ലെയും പ്രളയസമയത്ത് ദുരിതമനുഭവിച്ച ക്ഷീരകര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തിരുന്നു. അതു പോലെ കൊവിഡ് സമയത്ത് ലോക്ഡൗണ്‍ മൂലം കാലിത്തീറ്റ ലഭിക്കാതെ കര്‍ഷകര്‍ വിഷമിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് കമ്പനി നേരിട്ട് കാലിത്തീറ്റ എത്തിച്ചു നല്‍കി.

ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല കേരളഫീഡ്‌സ്. കേരള ഫീഡ്‌സിന് അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ വിതരണക്കാര്‍ വിമുഖത കാട്ടിയ അവസരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പുതിയ വിതരണക്കാരെ കണ്ടെത്തി. രാജ്യത്തിന്റെ ഏതു സ്ഥലത്തു നിന്നും ഇ ടെന്‍ഡര്‍ വഴി മാര്‍ഗ്ഗരേഖകള്‍ പാലിച്ചു കൊണ്ട് രാജ്യത്തെ ഏതൊരു വിതരണക്കാരനും കേരള ഫീഡ്‌സിലേക്ക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാവുന്നതാണ്.

അത്യുത്പാദനത്തിനും പ്രത്യുത്പാദനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പോഷകഘടകങ്ങള്‍ ഉപയോഗിച്ചുള്ള ഉത്പാദനമാണ് കേരള ഫീഡ്‌സിന്റെ മുഖമുദ്ര. കമ്പനി ഗേറ്റ് മുതല്‍ ഉത്പാദന യൂണിറ്റ് വരെ നീളുന്ന നാല് ഘട്ടങ്ങളിലായുള്ള ഗുണമേ?ാ പരിശോധന, അത്യാധുനിക ബൈപ്പാസ് പ്രോട്ടീന്‍ പ്ലാന്റ്, എല്ലാ ജില്ലകളിലുമുള്ള മികച്ച വിതരണ സംവിധാനം മുതലായവ കേരള ഫീഡ്‌സിന്റെ പ്രത്യേകതയാണ്. വൈവിദ്ധ്യമാര്‍ന്ന മൂന്നിനം കാലിത്തീറ്റ, ആടുതീറ്റ, കോഴിത്തീറ്റ, മുയല്‍ത്തീറ്റ, ധാതുലവണങ്ങളടങ്ങിയ കേരമിന്‍, വൈക്കോല്‍കട്ട എന്നിവയാണ് കേരള ഫീഡ്‌സ് ഉത്പാദിപ്പിക്കുന്നത്.