കേരള ഫീഡ്‌സിന് 495.85 കോടി രൂപ വിറ്റുവരവ്

Posted on: June 1, 2020

കൊച്ചി : പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 495.85 കോടി രൂപയുടെ വാർഷിക വിറ്റുവരവ് നേടി. കൊറോണക്കാലത്തെ പ്രതികൂല അന്തരീക്ഷം മറികടന്നാണ് ഈ നേട്ടം. കേരള ഫീഡ്‌സ് 2019-20 സാമ്പത്തിക വർഷത്തിൽ 500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്.

ഒരു കിലോ കാലിത്തീറ്റയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻറെ 91 ശതമാനവും അസംസ്‌കൃത വസ്തുക്കൾ വാങ്ങാനുള്ള ചെലവായിരുന്നു. എന്നാൽ ഇതനുസരിച്ച് കാലിത്തീറ്റയുടെ വില വർധിപ്പിക്കാൻ കേരള ഫീഡ്‌സ് തയാറായില്ലെന്ന് ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായർ ചൂണ്ടിക്കാട്ടി. സ്വകാര്യ കാലിത്തീറ്റ കമ്പനികൾ അനിയന്ത്രിതമായി വില കൂട്ടാത്തതിനു കാരണം കേരള ഫീഡ്‌സിന്റെ വിപണി സാന്നിദ്ധ്യമാണ്. 2019 ൽ വിപണി വിലയേക്കാൾ 130 ഓളം രൂപ വരെ കുറച്ചാണ് കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ വിറ്റഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകൂട്ടി ഓർഡർ നൽകിയ അസംസ്‌കൃത വസ്തുക്കൾ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, അഡിഷണൽ ചീഫ് സെക്രട്ടറി ആർ കെ സിംഗ് എന്നിവർ മുൻകൈയെടുത്ത് അസംസ്‌കൃത വസ്തുക്കൾ സുഗമമായി എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ലോക്ഡൗൺ കാലത്ത് ഷിഫ്റ്റുകൾ കുറച്ചും ഉത്പാദനം നടത്തി.

കൊവിഡ് കാലത്ത് ക്ഷീരകർഷകർക്ക് കാലിത്തീറ്റ ലഭിക്കുന്നതിന് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള അവസരം കേരള ഫീഡ്‌സ് ഒരുക്കി നൽകി. ഇതിൻറെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ സാന്നിദ്ധ്യമാകാനും കമ്പനിയ്ക്ക് കഴിഞ്ഞെന്ന് എംഡി ഡോ. ബി ശ്രീകുമാർ പറഞ്ഞു. കർഷകർക്ക് നേരിട്ട് കമ്പനിയുമായി ഇടപാടുകൾ നടത്തുന്നതിന് മൊബൈൽ ആപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ കർഷകർക്ക് കാലിത്തീറ്റ നേരിട്ട് ഓർഡർ ചെയ്യാൻ സാധിക്കും.

വിദേശരാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്ക് ക്ഷീരഫാമുകൾ തുടങ്ങാൻ വേണ്ടി ജൂലൈ മാസത്തിൽ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എൻട്രപ്രണേറിയൽ വിഗർ എന്നാകും ഈ പദ്ധതിയുടെ പേര്. പ്രവസികൾക്കൊപ്പം ന്യൂജെൻ ചെറുപ്പക്കാരെയും ഈ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്. കേരള ഫീഡ്‌സിൻറെ ബ്രാൻഡ് അമ്പാസഡറും ക്ഷീരകർഷകനുമായ പ്രശസ്ത നടൻ ജയറാമിന്റെ സാന്നിദ്ധ്യത്തിലായിരിക്കും ഈ പരിശീലനമെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെ തൊടുപുഴയിൽ കേരള ഫീഡ്‌സിന്റെ പുതിയ പ്ലാൻറ് തുടങ്ങാനായത് പോയ വർഷത്തെ മികച്ച നേട്ടമാണ്. അത്യുൽപ്പാദന ശേഷിയുള്ളതും ഇളംകറവയുള്ളതുമായ പശുക്കൾക്ക് പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഡയറി റിച്ച് പ്ലസ് കാലിത്തീറ്റ വിപണിയിലിറക്കിയതും കഴിഞ്ഞ സാമ്പത്തിക വർഷമാണ്. ബൈപ്പാസ് പ്രോട്ടീൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഈ കാലിത്തീറ്റയിൽ ഉയർന്ന പാലുത്പാദനത്തിനാവശ്യമായ കീലേറ്റഡ് ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതോടൊപ്പം കോഴിത്തീറ്റയും കേരള ഫീഡ്‌സ് വിപണിയിലിറക്കിയതായി ഡോ. ശ്രീകുമാർ ചൂണ്ടിക്കാട്ടി.

TAGS: Kerala Feeds |