കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സിന് 44 കോടി രൂപയുടെ വളര്‍ച്ച

Posted on: April 18, 2023

തിരുവനന്തപുരം : പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സ് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 621 കോടിയുടെ മൊത്തവില്പ്പന നേടി. 2021-22ല്‍ ഇത് 577 കോടിയായിരുന്നു. 44 കോടി രൂപയുടെ വളര്‍ച്ചയാണുണ്ടായത്.

കേരള ഫീഡ്‌സ് മിടുക്കി, എലൈറ്റ്, ഡെയറി റിച്ച് പ്ലസ്, കേരമിന്‍ മിനറല്‍ മിക്‌സ്ച്ചര്‍, മില്‍ക്ക് ബൂസ്റ്റര്‍ എന്നിങ്ങന ആട്, മുയല്‍, കോഴി എന്നിവയ്ക്കുള്ള തീറ്റകളുടെ വില്പ്പനയാണ് ഈ വര്‍ഷവും മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന വലിയ വില കൊടുക്കേണ്ട ഗുണനിലവാരമില്ലാത്ത കാലിത്തീറ്റയും മറ്റ് ഉത്പന്നങ്ങളും നല്‍കുന്നത് നമ്മുടെ കന്നുകാലി സമ്പത്തിനെ ബാധിച്ചിരുന്നു. ഇതിന്പരിഹാരം കാണാനും കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കാനും കേരള ഫീഡ്‌സിന്റെ ഇടപെടലുകള്‍ സഹായകമായതായാണ് കര്‍ഷകരുടെ നിലപാട്.

കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്‌കൃത ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു നിന്നപ്പോഴും കര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് വില കുറച്ചുനല്‍കി. 42 കോടി രൂപയാണ് ഇതിനായുള്ള സബ്‌സിഡിയിനത്തില്‍ നല്‍കിയത്. മൊത്തവരുമാനമായ 621 കോടിയില്‍ 80ശതമാനവും സമാഹരിച്ചത് പൊതുവിപണിയിലെ വില്പ്പനയിലൂടെയാണ്. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്
തുടങ്ങിയവയുടെ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ 20 ശതമാനം തുക സമാഹരിക്കാനായി. ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏതു പദ്ധതിക്കും ആവശ്യമായ കാലിത്തീറ്റ നല്‍കാന്‍ കമ്പനി സന്നദ്ധമാണെന്ന് കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.

‘സുരക്ഷിതമായ പാല്‍, ആരോഗ്യമുള്ള പശു’ എന്ന കേരള ഫീഡ്‌സിന്റെ ആപ്തവാക്യം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് കേരളഫീഡ്‌സ് എംഡി ഡോ. ബി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഇത് ക്ഷീരോത്പാദനം കൂട്ടാനും കര്‍ഷകരുടെ ഉത്പാദച്ചെലവ് കുറയ്ക്കാനും സഹായിക്കും. ഇത് യുവകര്‍ഷക രെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള ഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Kerala Feeds |