ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ഇ-ലേര്‍ണിംഗ് ലാബിന്റെ ഉദ്ഘാടനവും നാളെ

Posted on: January 22, 2024

ആലപ്പുഴ : അസാപ് കേരളയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ആലപ്പുഴ എം.എല്‍.എ യുടെ 2022-23 ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച ഇ-ലേര്‍ണിംഗ് ലാബിന്റെ ഉദ്ഘാടനവും 2024 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും. ആലപ്പുഴ എം.എല്‍.എ പി പി ചിത്തരഞ്ജന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് വിശിഷ്ടാതിഥിയാകും.

നൂതന തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ അഭ്യസ്തവിദ്യരും തൊഴില്‍പരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള. അസാപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കുന്ന, മികവുറ്റതും നൂതനവുമായ തൊഴില്‍പരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍.ഇത്തരത്തില്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 സ്‌കില്‍ പാര്‍ക്കുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 15 ആമത്തെ പാര്‍ക്കാണ് ഉല്‍ഘാടനത്തിന് തയ്യാറായിട്ടുള്ള ആലപ്പുഴ ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. ഒരു ഏക്കറോളം വരുന്ന ജില്ലാ പഞ്ചായത്ത് വക സ്ഥലത്ത് ദേശീയ പാതയില്‍ നിന്നും മുന്നൂറു മീറ്റര്‍ മാത്രം ദൂരത്തിലാണ് സ്‌കില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ഇ-ലേര്‍ണിംഗ് ലാബ്

ആലപ്പുഴയെ ഐ ടി, ഇതര മേഖലയില്‍ മുന്നോട്ടു നയിക്കേണ്ട ആവശ്യം മനസിലാക്കിയാണ് ആലപ്പുഴ MLA പി.പി.ചിത്തരഞ്ജന്റെ 2022-23 ആസ്തി വികസന ഫണ്ടില്‍നിന്നും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇ-ലേര്‍ണിംഗ് ലാബ് കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ളത്. 1.09 കോടി രൂപ ചിലവില്‍ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കിയത് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണ്‍ ആണ്. പ്രസ്തുത ചടങ്ങില്‍ ഇ-ലേര്‍ണിംഗ് ലാബ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി നാടിനു സമര്‍പ്പിക്കും. ഇ-ലേര്‍ണിംഗ് പാര്‍ക്കിലൂടെ ആലപ്പുഴ മണ്ഡലത്തെ ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ മണ്ഡലമാക്കാനാണു ലക്ഷ്യം. .

സ്‌കില്‍ പാര്‍ക്കിലെ സൗകര്യങ്ങള്‍

മൂന്ന് നിലകളിലായി, 28,952 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സജ്ജമായിട്ടുള്ളത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ക്കായി ലോക്കര്‍ സൗകര്യമുള്ള ചെയിഞ്ചിങ് മുറികള്‍, മീറ്റിംഗ് റൂമുകള്‍, പ്രേത്യേക സെര്‍വര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദപരമായ രീതിയിലാണ് സ്‌കില്‍ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള ടൈലുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിരിക്കുന്നു. 56,350 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാന്‍ ഫില്‍റ്റര്‍ സംവിധാനവും സ്‌കില്‍ പാര്‍ക്കില്‍ ഒരിക്കിയിട്ടുണ്ട്.

പരിശീലന പങ്കാളിയും കോഴ്‌സുകളും

ഓപ്പണ്‍ വാട്ടര്‍ ഡൈവിംഗ് മേഖലയില്‍ പരിശീലനം നല്‍കുന്ന ബോണ്ട് സഫാരിയായും, ബ്യൂട്ടി & മേക്കപ്പ് മേഖലയിലെ പ്രമുഖരായ നാച്ചുറല്‍സുമായും വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കാന്‍ അസാപ് കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിനായുള്ള പരിശീലന കേന്ദ്രവും സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓപ്പണ്‍ വാട്ടര്‍ ഡൈവര്‍ കോഴ്‌സ്, അഡ്വാന്‍സ് ഓപ്പണ്‍ വാട്ടര്‍ ഡൈവര്‍ കോഴ്‌സ്, റെസ്‌ക്യൂ ഡൈവര്‍, ഡൈവ്മാസ്റ്റര്‍ കോഴ്‌സ്, എമര്‍ജന്‍സി ഫസ്റ്റ് റെസ്‌പോണ്‍സ്, PADI ഇന്‍സ്ട്രക്ടര്‍ വികസന കോഴ്‌സ്, ഡിപ്ലോമ ഇന്‍ ഹെയര്‍ ഡ്രസിംഗ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ മേക്കപ്പ്, ഡിപ്ലോമ ഇന്‍ കോസ്‌മെറ്റോളജി, ഡിപ്ലോമ ഇന്‍ ബ്യൂട്ടി തെറാപ്പി എന്നീ കോഴ്‌സുകളാണ് തൊഴിലധിഷ്ടിത പരിശീലനത്തിനായി സ്‌കില്‍ പാര്‍ക്കില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

വരും കാലങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് തൊഴിലെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികള്‍ അസാപ് കേരള മറ്റു എജന്‍സികളുടെ സഹകരണത്തോടെ സംയുക്തമായി ചെറിയ കലവൂര്‍ സ്‌കില്‍ പാര്‍ക്കില്‍ നടപ്പിലാക്കും. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലും, അതുമൂലം തൊഴില്‍ വ്യവസായ മേഖലകളിലും വലിയ മാറ്റമാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.