ബാങ്കിംഗ് സേവന മേഖലയിലെ നൈപുണ്യ കോഴ്സുകള്‍ക്ക് തമിഴ്‌നാട് അപെക്‌സ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും അസാപ് കേരളയും കൈകോര്‍ക്കുന്നു

Posted on: May 17, 2023

തിരുവനന്തപുരം : ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (BFSI) രംഗത്ത് നൈപുണ്യ പരിശീലന കോഴ്സുകള്‍ വികസിപ്പിച്ചു നടപ്പിലാക്കുന്നതിന് അസാപ് കേരളയും തമിഴ്‌നാട് സര്‍ക്കാരിന്റെ നൈപുണ്യ വികസന ഏജന്‍സിയായ തമിഴ്‌നാട് അപെക്‌സ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും പരസ്പര സഹകരണത്തിന് ധാരണയിലെത്തി. അസാപ് കേരള ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച കരാറൊപ്പിട്ടു. ഇതു പ്രകാരം ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ആവശ്യമായ നൈപുണ്യ പരിശീലന കോഴ്‌സുകള്‍ക്ക് അസാപ് കേരള രൂപം നല്‍കും. ഈ കോഴ്‌സുകള്‍ രണ്ടു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയും ചെയ്യും.

പുതുതലമുറാ ബാങ്കിംഗ് രംഗത്തെ പുതിയ തൊഴില്‍ ആവശ്യങ്ങള്‍ പരിഗണിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന കോഴ്‌സുകളായിരിക്കും അസാപ് കേരള വിദഗ്ധരുടെ നേതൃത്വത്തില്‍ രൂപകല്പ്പന ചെയ്യുക. പരിശീലനത്തിനും ഇന്റേണ്‍ഷിപ്പിനും സംയുക്ത സര്‍ട്ടിഫിക്കേഷനും നല്‍കും. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട നൈപുണി ശില്‍പ്പശാലകള്‍, കോണ്‍ഫറന്‍സുകള്‍, സിംപോസിയങ്ങള്‍ തുടങ്ങിയവ ഇരു സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാനും ധാരണയായി.

”യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും അവരെ തൊഴില്‍സജ്ജരാക്കുന്നതിനുമുള്ള നൈപുണ്യ വികസന, പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ രാജ്യത്ത് മാതൃകാപരമായ മുന്നേറ്റമുണ്ടാക്കിയ സ്ഥാപനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരള. ഈ രംഗത്തെ അസാപിന്റെ വൈദഗ്ധ്യം തമിഴ്‌നാട് അപെക്‌സ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി പങ്കുവയ്ക്കുന്നതും അവരുമായുള്ള സംയുക്ത സഹകരണവും ഇരു സംസ്ഥാനങ്ങളിലേയും യുവജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും,” അസാപ് കേരള പ്രൊക്യൂര്‍മെന്റ് ഹെഡും സി എം ഡി ഇന്‍-ചാര്‍ജുമായ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

അന്‍വര്‍ ഹുസൈന്‍, കരിക്കുലം ഹെഡ് കമാന്‍ഡര്‍ വിനോദ് ശങ്കര്‍, തമിഴ്‌നാട് അപെക്‌സ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ടി അജയ്, ഡയറക്ടര്‍ സായി സുമന്ത് എന്നിവര്‍ പങ്കെടുത്തു.