ഹോണ്ടയുടെ ടുവീലർ ഉത്പാദനം 64 ലക്ഷം യൂണിറ്റുകളാവും

Posted on: March 30, 2015

Honda-Motorcycles-&-Scooterകൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ വാർഷിക ഉത്പാദനശേഷി 2016 അവസാനത്തോടെ 64 ലക്ഷമായി വർധിക്കും. കർണാടകയിൽ നരസപുരയിലെ പ്ലാന്റ് 580 കോടി രൂപ മുടക്കി വികസിപ്പിക്കുന്നതോടെ ഉത്പാദന ശേഷി 18 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി ഉയരും.

ഗുജറാത്തിലെ വിതാൽപൂരയിൽ നാലാമത്തെ പ്ലാന്റ് സജ്ജമായിവരികയാണ്. 2016 മധ്യത്തിൽ ഉത്പാദനമാരംഭിക്കുന്ന ഈ പ്ലാന്റിന്റെ വാർഷിക ശേഷി 64 ലക്ഷം യൂണിറ്റുകളാണ്. ഹരിയാനയിലെ മനേസറിൽ സ്ഥിതി ചെയ്യുന്ന ആദ്യ പ്ലാന്റിന്റെ ഇപ്പോഴത്തെ ശേഷി 16 ലക്ഷവും രാജസ്ഥാനിൽ തപുകരയിലെ രണ്ടാമത്തേതിന്റേത് 12 ലക്ഷവുമാണ്.

മേക്ക് ഇൻ ഇന്ത്യ പ്രഖ്യാപനം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായി മൂന്നര വർഷത്തിനകം നിലവിലുള്ളതിന്റെ 39 ശതമാനം അധിക ഉത്പാദന വർധനവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി പ്രസിഡന്റ് കിയറ്റ മുരമറ്റ്‌സു പറഞ്ഞു. 2014-15 സാമ്പത്തിക വർഷത്തിൽ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലേറെ വളർച്ച ഹോണ്ട കൈവരിക്കുകയുണ്ടായി.