സംസ്ഥാനത്ത് ജെം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി.രാജീവ്

Posted on: March 11, 2024

കൊച്ചി : സംസ്ഥാനത്ത് ജെം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക് സ്ഥാപിക്കുമെന്നും തൃശൂരാണു പരിഗണനയിലെന്നും മന്ത്രി പി.രാജീവ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജ്വല്ലറി പ്രദര്‍ശനം (ഗ്രാന്‍ഡ് ജ്വല്ലറി ഫെസ്റ്റ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്‍ഷുര്‍ ചെയ്യണം. മിക്കവാറും സ്ഥാപനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നില്ല. 4 ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രീമിയത്തിന്റെ പകുതി സര്‍ക്കാര്‍ അടയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രദര്‍ശനത്തിന് 60 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, സില്‍വര്‍ മെഷിനറി വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജ്വല്ലറി പ്രദര്‍ശനം ഇന്നു സമാപിക്കും. സമാപന സമ്മേളനത്തില്‍ വിവിധ മേഖലകളിലുള്ളവരെ ആദരിക്കും.