ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് – എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി

Posted on: March 6, 2024


കൊച്ചി : ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സ്റ്റോക്ക് മേര്‍ജറിന് ശേഷം ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് കൈവശമുള്ള ഓരോ 2000 ഓഹരികള്‍ക്കും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 579 ഓഹരികള്‍ വീതം ലഭിക്കും. വിവിധ പ്രദേശങ്ങളിലുള്ള സാന്നിധ്യം, അവതരിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലയനം സഹായകമാകും.

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഒരു നാഴികക്കല്ലാവുന്ന ഈ ലയനം വഴി സംയുക്തമായി ഒരു കോടിയിലേറെ ഉപഭോക്താക്കള്‍, 43,500-ല്‍ ഏറെ ജീവനക്കാര്‍, 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2350 ടച്ച് പോയിന്റുകള്‍ എന്നിവയാകും ഉണ്ടാകുക. 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം 89,854 കോടി രൂപയുടെ നിക്ഷേപവും 1,16,695 കോടി രൂപയുടെ ബാലന്‍സ് ഷീറ്റുമാണുള്ളത്.

2023 ഒക്ടോബര്‍ 29-ന് ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകളും നവംബര്‍ 24-നും നവംബര്‍ 27-നും ഓഹരി ഉടമകളും ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിക്കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കും എല്ലാ പങ്കാളികള്‍ക്കും മെച്ചപ്പെട്ട മൂല്യവും സേവനവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥാപകനും എംഡിയും സിഇഒയുമായ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുയുമായുള്ള ലയനം തങ്ങളുടെ സ്ഥാപനത്തിന് ഒരു പുതിയ അധ്യായമാണ്. വ്യവസായത്തില്‍ മുന്‍നിരയിലുള്ള വളര്‍ച്ചയ്ക്കും ലാഭത്തിനും പേരുകേട്ട രണ്ട് ബാങ്കുകള്‍ തമ്മിലുള്ള മികച്ച മാറ്റത്തിനുള്ള ലയനമാണിതെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എംഡിയും സിഇഒയും രാജീവ് യാദവ് പറഞ്ഞു.