രണ്ടാം നിര നഗരങ്ങളില്‍ കോഴിക്കോടിനെ മുന്നിലെത്തിക്കാന്‍ കെടിഎക്‌സ് 2024

Posted on: February 22, 2024

കോഴിക്കോട് : പരമ്പരാഗത ഐടി നഗരങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ നാളെയുടെ ഐടി ഹബായി മാറാന്‍ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതികവിദ്യയിലുമുള്ള മലബാറിന്റെ ക്രയശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതായിരിക്കും കെടിഎക്‌സ് 2024 ഉച്ചകോടി.

ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്‌നോളജി ഇനിഷ്യേറ്റീവ്) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം പ്രതിനിധികള്‍, 200 ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച 100 ലേറെ പ്രഭാഷകര്‍ തുടങ്ങിയവര്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തെ രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ ഐടി അധിഷ്ഠിത ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും പറ്റിയത് കോഴിക്കോടാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടി നഗരമെന്ന നിലയ്ക്ക് കോഴിക്കോട് സ്വയം മുന്നോട്ടു വയ്ക്കുന്ന മേ?കള്‍, വ്യവസായ സമൂഹത്തിന്റെ പിന്തുണ, വികസനത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം കെടിഎക്‌സ് 2024 ന്റെ പ്രത്യേകതയാണ്. ഐടി അധിഷ്ഠിത വ്യവസായത്തിലെ നിക്ഷേപ പദ്ധതിയുമായി വരുന്നവര്‍ക്ക് എന്തു കൊണ്ട് കോഴിക്കോട് എന്ന ചോദ്യത്തിന്റെ പ്രധാന ഉത്തരമാകും കെടിഎക്‌സ് 2024.

മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍കൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഎഎഫ്‌ഐടി), ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്)- കേരള, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക്, കോഴിക്കോട് (യുഎല്‍സിസി), ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ പ്രൈവറ്റ്, ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റഡ് സൊസൈറ്റിയാണ് സിഐടിഐ 2.0.

 

 

TAGS: KTX 2024 |