ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനം കാസ്പിയൻ ടെക്പാർക്ക്‌സുമായി കരാർ

Posted on: March 21, 2015

Infopark-with-Caspian-Techp

കൊച്ചി : രണ്ടാംഘട്ട വികസനത്തിനായി ഇൻഫോപാർക്ക് കാസ്പിയൻ ടെക്പാർക്ക്‌സുമായി കരാർ ഒപ്പിട്ടു. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അടിസ്ഥാനസൗകര്യ വികസന സ്ഥാപനമാണ് കാസ്പിയൻ ടെക്പാർക്ക്‌സ്. കരാറനുസരിച്ച് 2.62 ഏക്കറിൽ നാലര ലക്ഷം ചതുരശ്രയടി പ്രവർത്തന സ്ഥലം ഇൻഫോപാർക്കിൽ കൂട്ടിച്ചേർക്കും. 90 വർഷത്തെ പാട്ടക്കരാറാണ് ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായരും കാസ്പിയൻ ടെക്ക്പാർക്ക്‌സ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോയും ഒപ്പുവച്ചത്.

പദ്ധതി പൂർത്തിയാകുന്നതോടെ 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനത്തെ സംബന്ധിച്ച് നാഴികക്കല്ലാണിതെന്ന് ഹൃഷികേശ് നായർ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1.2 ലക്ഷം ചതുരശ്രയടി പ്രവർത്തനസ്ഥലം 2016 മാർച്ചോടെ സജ്ജമാകുമെന്ന് തോമസ് ചാക്കോ പറഞ്ഞു. ലോകനിലവാരത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

160 ഏക്കറിൽ 2,500 കോടി രൂപ മുതൽമുടക്കുള്ള രണ്ടാംഘട്ട വികസനത്തിൽ പങ്കാളികളാകാൻ കൊഗ് നിസന്റ്, ബ്രിഗേഡ് ഗ്രൂപ്പ്, യുഎസ്ടി ഗ്ലോബൽ, ക്ലേയ്‌സിസ് ടെക്‌നോളജീസ്, പടിയത്ത് ഇന്നൊവേഷൻ തുടങ്ങിയ നിരവധി ഐടി കമ്പനികൾ ഇൻഫോപാർക്കിനെ സമീപിച്ചിട്ടുണ്ട്. ലോകനിലവാരത്തിൽ നിർമ്മിക്കുന്ന രണ്ടാംഘട്ടത്തിൽ 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്‌റ്റേഷൻ, ആധുനിക ഡ്രെയ്‌നേജ്, ഡാറ്റാ കണക്ടിവിറ്റി, റോഡുകൾ തുടങ്ങിയവയുണ്ടായിരിക്കും.