കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി : വിനോദ യാത്രകള്‍ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം

Posted on: June 28, 2023

കൊച്ചി : കെ എസ് ആര്‍ ടി സിയുടെ ടൂര്‍ പാക്കേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാരുമായി പങ്കിടാന്‍ ഒരു കേന്ദ്രീകൃത സംവിധാനമൊരുക്കാന്‍ കെ എസ് ആര്‍ ടി സി. വാട്‌സ് ആപ്പ് ചാറ്റ് ബോട്ടാണ് യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാക്കാനാണ് കെ എസ് ആര്‍ ടി സിയുടെ നീക്കം.

നിലവില്‍ ഡിപ്പോകളില്‍ നേരിട്ട് ചെന്നോ കെ എസ് ആര്‍ ടി സിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയോ ആണ് ട്രിപ്പ് വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അറിയാനാകുന്നത്. എന്നാല്‍ ഈ ചാറ്റ് ബോട്ട് പ്രവര്‍ത്തനമാരംഭിച്ചാല്‍ വാട്‌സ് ആപ്പിലൂടെ തന്നെ ട്രിപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാനാകും. ഇത് കൂടാതെ ചാറ്റ് ബോട്ട് വഴി തന്നെ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാനുമുള്ള സാഹചര്യം വരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള യാത്രകള്‍ക്കാണ് ഇത്തരത്തിലൊരു ചാറ്റ് ബോട്ട് വരാനൊരുങ്ങുന്നത്. നിലവില്‍ അതത് ഡിപ്പോകളിലുള്ള കേന്ദ്രീകരിച്ച് ഓരോ ബജറ്റ് ടൂറിസം സെല്‍ (ബി ടി സി ) കോ ഓര്‍ഡിനേറ്റര്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്. ചാറ്റ് ബോട്ട് കൂടാതെ സഞ്ചാരികള്‍ക്ക് താമസം, ഭക്ഷണം, ടാക്‌സി സര്‍വീസ് തുടങ്ങിയ സേവനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ സൗകര്യം കെ എസ് ആര്‍ ടി സി യാത്രക്കാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താനാകും.

കഴിഞ്ഞ മാസങ്ങളിലെ അവധിക്കാല പാക്കേജുകള്‍ വഴി 25 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ട് കെ എസ് ആര്‍ ടി സി. 950 ടൂര്‍ പാക്കേജുകളിലായി 4,25,950 യാത്രക്കാരാണ് കെ എസ് ആര്‍ ടി സി അവധിക്കാല പാക്കേജുകളില്‍ യാത്ര ചെയ്തത്. മൂന്നാറുകളിലേക്കാണ് കൂടുതല്‍ യാത്രകളും കെ എസ് ആര്‍ ടി സി സംഘടിപ്പിച്ചിരിക്കുന്നത്.

ഇത് കൂടാതെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സ്ത്രീ സൗഹാര്‍ദപരമാക്കാനും പദ്ധതിയുണ്ട്. ഇതിനായി ടൂറിസം ആപ്പ് തയ്യാറാക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കേജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാംപിംഗ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വനിതായാത്രികര്‍ക്ക് സഹായകമാകുന്ന വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കാനാണ് പദ്ധതി. ആപ്പ് തയ്യാറാക്കുന്നതിന്റെ ചുമതല ഉത്തരവാദിത്ത ടൂറിസം മിഷനാണ്. വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ് മാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

TAGS: KSRTC |