ഇസാഫ് ബാങ്കിന് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ അവാര്‍ഡ്

Posted on: January 20, 2023

കൊച്ചി : ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ അവാര്‍ഡ് 2022 ലഭിച്ചു. ന്യൂ ഡല്‍ഹില്‍ നടന്ന 19ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പുരസ്‌കാരം സ്വീകരിച്ചു. എച്ച്എസ്ബിസി ഇന്ത്യയുടെ പങ്കാളിത്തത്തോടെ ആക്സസ് ഡെവലപ്‌മെന്റ് സര്‍വീസ് നല്‍കിവരുന്ന ഈ രംഗത്തെ ഉന്നത പുരസ്‌കാരമാണിത്.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് കെ പോള്‍ തോമസ് പറഞ്ഞു. ‘ബാങ്കിംഗ് സേവനങ്ങള്‍ പ്രാപ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് കടന്നുചെന്ന് കൂടുതല്‍ പേരിലേക്ക് സേവനങ്ങളെത്തിക്കാന്‍ പ്രചോദനമാകുന്നതാണ് ഈ അംഗീകാരം. ചുരുങ്ങിയ കാലത്തിനിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ഇസാഫിന് കാര്യക്ഷമമായി ഒട്ടെറെ സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.