മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിച്ചു

Posted on: December 3, 2022

കൊച്ചി : മലേഷ്യ എയര്‍ലൈന്‍സ് നെടുമ്പാശേരിയില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായര്‍, തികള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35ന് കോലാലംപുരില്‍നിന്ന് എത്തുന്ന വിമാനം പിറ്റേന്ന് പുലര്‍ച്ചെ 12.35ന് മടങ്ങും.

നിലവില്‍ എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ലൈനുകള്‍ കൊച്ചി-കോലാലംപുര്‍ സര്‍വീസ് നടത്തുന്നുണ്ട്. മലേഷ്യ എയര്‍ലൈന്‍സ് പ്രവര്‍ത്തനം തുടങ്ങിയതോടെ കൊച്ചിയില്‍നിന്ന് കോലാലംപുരിലേക്ക് ആഴ്ചയില്‍ 20 സര്‍വീസായി.

സിയാല്‍ രാജ്യാന്തര ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി ദിനേശ് കുമാര്‍, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ്, മലേഷ്യ എയര്‍ലൈന്‍സ് മാനേജര്‍ ഷജീര്‍ സുല്‍ത്താന്‍, സെലിബി കോണ്‍ട്രാക്ടിങ് കമ്പനി മാനേജര്‍ മാത്യു തോമസ് എന്നിവര്‍ പങ്കെടുത്തു.