ഉയര്‍ന്ന പലിശ വരുമാനത്തിലൂടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര രണ്ടാം ക്വാര്‍ട്ടര്‍ ലാഭം ഇരട്ടിയാക്കി ; 535 കോടി

Posted on: October 18, 2022

കൊച്ചി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) അറ്റാദായത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തി. 2022 സെപ്തംബര്‍ ത്രൈമാസത്തില്‍ ബാങ്ക് 535 കോടി രൂപ ലാഭം നേടി. കിട്ടാക്കടം കുറഞ്ഞതും അറ്റ പലിശ വരുമാനത്തിലെ വര്‍ദ്ധനവുമാണ് ലാഭം ഇരട്ടിയാക്കാന്‍ ബാങ്കിനെ സഹായിച്ചത്. തിങ്കളാഴ്ച ബിഎസ്ഇയില്‍ ബാങ്കിന്റെ ഓഹരികള്‍ 4.74 ശതമാനം ഉയര്‍ന്ന് 18.8 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 264 കോടി രൂപയായിരുന്നു മൊത്ത ലാഭം. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,039 കോടി രൂപയില്‍ നിന്ന് അവലോകന ത്രൈമാസത്തില്‍ 4,317 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 3.55% ആയി മെച്ചപ്പെട്ടു, ഇത് മുന്‍ ത്രൈമാസത്തിലെ 3.28% നേക്കാള്‍ മികച്ചതാണ്. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ 1,500 കോടിയില്‍ നിന്ന് 26 ശതമാനം ഉയര്‍ന്ന് 1,887 കോടിയായി. അറ്റ പലിശ വരുമാനത്തിലെ കുതിച്ചുചാട്ടം ഉള്‍പ്പെടെ വിവിധ ഘടകങ്ങളാണ് ലാഭത്തിലെ വര്‍ധനവിന് കാരണമെന്ന് സാമ്പത്തിക പ്രകടനത്തെക്കുറിച്ച് സംസാരിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടര്‍ എ എസ് രാജീവ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ്‌ത്തെ 5.56 ശതമാനത്തില്‍ നിന്ന് 2022 സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പയുടെ 3.40 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞു. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിന്റെ അവസാനത്തില്‍ 1.73 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായി കുറഞ്ഞു.

ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് അനുപാതം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിന്റെ അവസാനത്തില്‍ 92.38 ശതമാനത്തില്‍ നിന്ന് സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് 96.06 ശതമാനമായി മെച്ചപ്പെട്ടു. തല്‍ഫലമായി, രണ്ടാം ത്രൈമാസത്തില്‍ കിട്ടാക്കടത്തിനുള്ള വകയിരുത്തല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 922 കോടി രൂപയില്‍ നിന്ന് 532 കോടി രൂപയായി കുറഞ്ഞു. സെപ്തംബര്‍ ത്രൈമാസ്ത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 4.43 ശതമാനവും 21.64 ശതമാനവും (ക്യു-ഓ-ക്യു അടിസ്ഥാനത്തില്‍) വര്‍ധിച്ച് 1,462 കോടി രൂപയായി.

അതിനിടെ,അപ്രതീക്ഷിത നീക്കത്തിലൂടെ ബാങ്ക് തിങ്കളാഴ്ച മുതല്‍ ഭവനവായ്പ നിരക്ക് കുറച്ചു. ഹോം ലോണ്‍ മാര്‍ക്കറ്റ് ഷെയര്‍ വര്‍ദ്ധിപ്പിക്കാനും നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോയില്‍ (എസ്എല്‍ആര്‍) അധിക ഫണ്ടുകള്‍ വിന്യസിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് മാനേജിംഗ് ഡയറക്ടര്‍ എഎസ് രാജീവ് പറഞ്ഞു

ക്രെഡിറ്റ്-ടു-ഡിപ്പോസിറ്റ് (സി \ഡി ) അനുപാതം 2022 സെപ്റ്റംബര്‍ അവസാനത്തില്‍ 75.69 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 63.47 ശതമാനമായിരുന്നു. തുടര്‍ച്ചയായി സി \ഡി അനുപാതം 2022 ജൂണില്‍ 71.75 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 710 കോടി രൂപയുടെ ബേസല്‍ III അഡീഷണല്‍ ടയര്‍ I ബോണ്ടുകള്‍ ബാങ്ക് സമാഹരിച്ചു.