കല്യാൺ ജുവല്ലേഴ്‌സിന് 68.77 കോടി രൂപ അറ്റാദായം

Posted on: November 11, 2021

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് 2021 ജൂലായ് സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 68.77 കോടി രൂപ യുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 136.12 കോടിയുടെ അറ്റ നഷ്ടത്തിലായിരുന്നു കമ്പനി. വിറ്റുവരവ് 1,798.05കോടിയില്‍ നിന്ന് 60.65 ശതമാനം ഉയര്‍ന്ന് 2,888.69 കോടി രൂപയായി.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുകയും സമ്പദ്ഘടന ഉണരുകയും ചെയ്തതോടെ വില്പന കൂടിയതാണ് നേട്ടമായത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ആരംഭിച്ച വിറ്റു വരവിലെ വളര്‍ച്ച പ്രോത്സാഹനമേകുന്നതാണെന്നും മുന്നോട്ട് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും കല്യാണ്‍ ജൂലവേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും നാല് ഗള്‍ഫ് രാജ്യങ്ങളിലുമായി കമ്പനിക്ക് 150 ഷോറൂമുകളാണ് ഉള്ളത്. മൊത്തം റീട്ടെയ്ല്‍ സ്ഥലം അഞ്ചു ലക്ഷത്തിലധികം ചതുരശ്രയടി വരും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10 പുതിയ ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

 

TAGS: Kalyan Jewelers |