ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീയില്‍ കേരള കരകൗശല ഉത്പ്പന്നങ്ങള്‍ വില്‍ക്കും

Posted on: August 4, 2021

കൊച്ചി : അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാലിന്റെ) ഉപകമ്പനിയായ സിയാല്‍ ഡ്യൂട്ടിഫ്രീ ആന്റ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡ് (സി.ഡി.ആര്‍.എസ്.എല്‍) രാജ്യാന്തരയാത്രക്കാര്‍ക്കായി പ്രീ-ഓര്‍ഡറിംഗ് സംവിധാനമൊരുക്കുന്നു. ഇതുള്‍പ്പെടെ ഡ്യൂട്ടിഫ്രീ ബിസിനസില്‍ ഏറെ പുതുമകള്‍ കൊണ്ടുവരാന്‍ സി.ഡി.ആര്‍.എസ്.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

കൊച്ചിന്‍ ഡ്യൂട്ടിഫ്രീയുടെ വെബ്സൈറ്റായ www.cochindutyfree.com -ലാണ് പ്രീ-ഓര്‍ഡറിംഗ് സംവിധാനം ഏര്‍പ്പെടുത്തുക. വിദേശത്ത് നിന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് ഡ്യൂട്ടിഫ്രീ സാധനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൊച്ചിയില്‍ വിമാനമിറങ്ങി ഡ്യൂട്ടിഫ്രീ ഷോപ്പിലെത്തുമ്പോള്‍ തന്നെ ഈ സാധനങ്ങള്‍ ലഭ്യമാക്കാനാകും. ബില്ലിംഗ്് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, കസ്റ്റംസ് നിയമങ്ങള്‍ക്ക് വിധേയമായി ഡ്യൂട്ടിഫ്രീ ഷോപ്പിലാകും നടക്കുക.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസിനെ സി.ഡി.ആര്‍.എസ്.എല്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കാനും ഡ്യൂട്ടിഫ്രിയില്‍ പുതിയ ബിസിനസ് മാതൃക പരീക്ഷിക്കാനും സി.ഡി.ആര്‍.എസ്.എല്‍ ബോര്‍ഡ് തീരുമാനിച്ചു. ‘ ഡ്യൂട്ടിഫ്രിയില്‍ വരുമാന വളര്‍ച്ചയുണ്ടാക്കാന്‍ നിരവധി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുകയാണ്. വിദേശ കറന്‍സിയില്‍ നടത്തുന്ന ഉത്പ്പന്ന സംഭരണത്തില്‍ ബാങ്കില്‍ നിന്നുള്ള ക്രെഡിറ്റ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ വിദേശ വിനിമയ ഇടപാടില്‍ മൂന്ന് ശതമാനം ലാഭിക്കാനാകും.

രാജ്യാന്തര പുറപ്പെടല്‍ യാത്രക്കാര്‍ക്കായുള്ള ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ കേരളത്തിലെ കരകൗശല വസ്തുക്കള്‍ക്കായും കേരളത്തിന്റെ രുചികള്‍ക്കായും പ്രത്യേക മേഖല തുറക്കും. പെര്‍ഫ്യൂമുകള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കായി അറൈവല്‍ ഷോപ്പില്‍ വിശാലമായ മറ്റൊരു ഷോപ്പിംഗ് മേഖല പണികഴിപ്പിക്കും ‘ – സുഹാസ് പറഞ്ഞു.

കൊച്ചിന്‍ ഡ്യൂട്ടിഫ്രീയില്‍ പ്രീ-ഓര്‍ഡറിംഗ് സംവിധാന ഒരുക്കാനുള്ള നടപടികള്‍ക്ക് സി.ഡി.ആര്‍.എസ്.എല്‍ തുടക്കമിട്ടുകഴിഞ്ഞു. രാജ്യാന്തര ആഗമന യാത്രക്കാര്‍ക്ക് പ്രീ-ഓര്‍ഡറിംഗ്് സംവിധാനമെന്നതുപോല പുറപ്പെടല്‍ യാത്രക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ്് സംവിധാനവും സി.ഡി.ആര്‍.എസ്.എല്‍ ഏര്‍പ്പെടുത്തുന്നുണ്ട്.