ഇൻഫോപാർക്ക് രണ്ടാംഘട്ട വികസനത്തിന് സ്വകാര്യനിക്ഷേപകർ രംഗത്ത്

Posted on: January 20, 2015

Infopark-mou-with-Padiyath-

കൊച്ചി : ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് സ്വകാര്യ നിക്ഷേപകർ രംഗത്ത്. പത്തു ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ പടിയത്ത് ഇന്നൊവേഷൻ വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫോപാർക്കുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പടിയത്ത് ഇന്നൊവേഷൻ വിവിധഘട്ടങ്ങളിലായി 320 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹൃഷികേശ് നായരും പടിയത്ത് ഇന്നൊവേഷൻ ചെയർമാൻ ഹരീഷ് റഹ്്മാൻ പടിയത്തും ധാരണപത്രത്തിൽ ഒപ്പുവച്ചു. ഹാരി ആൻഡ് മോർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സൺറൈസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും അനുബന്ധ സ്ഥാപനമാണ് പടിയത്ത് ഇന്നൊവേഷൻ.

രണ്ടാംഘട്ടത്തിന്റെ ഭാഗമായി 4.11 ഏക്കർ ഭൂമിയിലാണ് പടിയത്ത് ഇന്നോവേഷൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയേൺമെന്റൽ ഡിസൈനിന്റെ സർട്ടിഫിക്കേറ്റുള്ള ബിൽഡിംഗ് ആയിരിക്കും നിർമ്മിക്കുന്നത്. സെൻട്രലൈസ്ഡ് എസി, ജനറേറ്റർ ബാക്ക്അപ്പ്, ഫുഡ്‌കോർട്ട്, ഹെൽത്ത് ക്ലബ്, ക്ലിനിക്ക്, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ 7,000 പേർക്കും മറ്റു വിഭാഗങ്ങളിൽ 3,000 പേർക്കും തൊഴിലവസരങ്ങളുണ്ടാകും.

ഐടി നിക്ഷേപത്തിന് മികച്ച ഇടമായി കേരളം മാറുകയാണെന്ന് ഹൃഷികേശ് നായർ പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിൽ ഇൻഫോപാർക്ക് മുൻപന്തിയിലാണ്. കൂടുതൽ നിക്ഷേപകരുമായി സഹകരിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.