ആഗോള പ്രവാസി കേരളീയ സംഗമം കൊച്ചിയിൽ

Posted on: January 16, 2015

Global-NRK-Meet-2015-Logo-b

ആഗോള പ്രവാസി കേരളീയ സംഗമം 16, 17 തീയതികളിൽ കൊച്ചിയിൽ നടക്കും. നോർക്കയും നോർക്ക റൂട്ട്സും  സംയുക്തമായി കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംഗമം 16-നു രാവിലെ പത്തിനു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ ഇന്ത്യയ്ക്കകത്തും വിദേശത്തുനിന്നുമുള്ള പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കും. പ്രവാസികളുടെ പുനരധിവാസം, കേരളത്തിന്റെ വികസ നത്തിൽ വിദേശ മലയലാളികളുടെ പങ്കാളിത്തം എന്നിവ സംഗമത്തിൽ ചർച്ചചെയ്യുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

ഗൾഫ് രാജ്യങ്ങൾ, യുകെ, യുഎസ്എ, കാനഡ, ജർമനി, ഫ്രാൻസ്, കെനിയ, ലിബിയ, സിംഗപ്പുർ, തായ്‌ലൻഡ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നും അഞ്ഞൂറോളം പ്രവാസികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരത്തോളം പ്രവാസി മലയാളികൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആഗോള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്ന വിഷയത്തിൽ ഇന്ന് നടക്കുന്ന ആദ്യ സെഷൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും.

ഗൾഫ് മേഖല, യൂറോപ്പും അമേരിക്കയും പ്രവാസി മലയാളികളായ വനിതകൾ എന്നിങ്ങനെയുള്ള മൂന്നു സെഷനുകൾ ഉച്ചക്കുശേഷം നടക്കും. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ, പി.കെ. ജയലക്ഷ്മി, വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഈ സെഷനുകളിൽ പങ്കെടുക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാലേകാൽ മുതൽ ആറുമണി വരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മന്ത്രി കെ.സി. ജോസഫുമായും പ്രവാസികൾക്കു നേരിട്ടു സംവദിക്കുന്നതിന് ഓപ്പൺ ഫോറവും ക്രമീകരിച്ചിട്ടുണ്ട്.

നിക്ഷേപ അവസരങ്ങളും അടിസ്ഥാന സൗകര്യവികസനവും എന്ന വിഷയത്തിൽ ശനിയാഴ്ച നടക്കുന്ന ചർച്ച മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. മലയാളവും കേരള സംസ്‌കാരവും പ്രവാസികളിൽ ചെലുത്തുന്ന സ്വാധീനം എന്ന സെഷനിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ പെരുമ്പടവം ശ്രീധരൻ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി, കേരള ലളിതകലാ അക്കാദമി ചെയർമാൻ കാട്ടൂർ നാരായണപിള്ള, കേരള ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, എഴുത്തുകാരായ ബെന്യാമിൻ തുടങ്ങിയവർ പങ്കെടുക്കും.

പ്രവാസി മലയാളികളുടെ ക്ഷേമത്തിൽ സമുദായിക സംഘടനകളുടെ പങ്കിനെക്കുറിച്ചുള്ള സെഷൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. 17 ന് ഉച്ചക്ക് 2.30 ന് ചേരുന്ന സമാപന സമ്മേളനം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിക്കും. മന്ത്രി കെ ബാബു മുഖ്യപ്രഭാഷണം നടത്തും.