അകോദര ഇനി ഐസിഐസിഐ ഡിജിറ്റൽ ഗ്രാമം

Posted on: January 5, 2015

ICICI-Bank-Digital-Village-

ഗുജറാത്തിലെ അകോദര ഗ്രാമം ഇനി ഐ സി ഐ സി ഐ ഡിജിറ്റൽ വില്ലേജ്. സബർകാന്ത ജില്ലയിലെ അകോദരയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐ സി ഐ സി ഐ ഡിജിറ്റൽ വില്ലേജ് ആയി പ്രഖ്യാപിച്ചത്.

ഐ സി ഐ സി ഐ ഗ്രൂപ്പ് സ്ഥാപിതമായതിന്റെ 60 ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഐ സി ഐ സി ഐ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുംബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ പങ്കെടുത്തു.

ശക്തമായ വൈ-ഫൈ കണക്ഷനും കംപ്യൂട്ടർ അനുബന്ധ ശൃംഖലയുമാണ് ഐ സി ഐ സി ഐ ബാങ്ക് അകോദരയിൽ ഒരുക്കുന്നത്. ഇതിന്റെ സഹായത്തോടെ മുഴുവൻ ഗ്രാമവാസികൾക്കും കടലാസ് രഹിത ബാങ്കിംഗിനു പുറമേ ചികിൽസയ്ക്ക് ടെലിമെഡിസിൻ സംവിധാനവും ലഭ്യമാക്കും. പാൽ ഉൾപ്പെടെ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ റുപേ കാർഡുകൾ, എസ് എം എസ് ബാങ്കിംഗ് എന്നിവ ഏർപ്പെടുത്തും.

അകോദര ഗ്രാമത്തിലെ വിദ്യാർത്ഥികൾ പുസ്തകം വായിക്കുന്നത് ഇനി എൽ ഇ ഡി മോണിട്ടറിലും ടാബിലും ആയിരിക്കുമെന്ന് ഐ സി ഐ സി ഐ ബാങ്ക് എം ഡി യും സി ഇ ഒ യുമായ ചാന്ദാ കൊച്ചാർ പറഞ്ഞു. ഗ്രാമ ജീവിതത്തിന്റെ സമസ്ത മേഖലകളും ഡിജിറ്റൽ ബന്ധിതമാകും.