മൂന്ന് കമ്പനികളുടെ പബ്ലിക് ഇഷ്യു ഓഹരിവിപണിയിലേക്ക്

Posted on: September 20, 2020

മുംബൈ : മൂന്ന് കമ്പനികൾ ഇനീഷ്യൽ പബ്ലിക് ഓഫറുകളുമായി അടുത്തയാഴ്ച ഓഹരിവിപണിയിലെത്തും. മ്യൂച്വൽഫണ്ട് രജിസ്‌ട്രേഷൻ-ട്രാൻസ്ഫർ ഏജൻസിയായ കാംസ്, മരുന്ന് നിർമാണത്തിനുള്ള രാസവസ്തുക്കൾ നിർമ്മിക്കുന്ന കെംകോൺ സ്‌പെഷ്യാലിറ്റി കെമിക്കൽസ് എന്നിവ തിങ്കളാഴ്ചയും ഓഹരി ബ്രോക്കിംഗ് കമ്പനിയായ എയ്ഞ്ചൽ ബ്രോക്കിംഗ് ചൊവ്വാഴ്ചയും പബ്ലിക് ഇഷ്യുവുമായി വിപണിയിലെത്തും.

കംപ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സർവീസസ് (കാംസ്) 2242 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. പ്രൈസ് ബാൻഡ് 1229-1230 രൂപ. മിനിമം 12 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്.

വഡോദര ആസ്ഥാനമായുള്ള കെംകോൺ സ്‌പെഷ്യാലിറ്റി കെമിക്കൽസ് 318 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരികളുടെ പ്രൈസ് ബാൻഡ് 338-340 രൂപ. മിനിമം 44 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. ഇഷ്യു സെപ്റ്റംബർ 21 ന് ആരംഭിച്ച് 23 ന് സമാപിക്കും.

എയ്ഞ്ചൽ ബ്രോക്കിംഗ് 600 കോടി സമാഹരിക്കാനാണ് വിപണിയിലെത്തുന്നത്. പ്രൈസ് ബാൻഡ് 305-306 രൂപ. സെപ്റ്റംബർ 22 ന് ആരംഭിക്കുന്ന ഇഷ്യു 24 ന് ക്ലോസ് ചെയ്യും.