വ്യവസായ പ്രതിസന്ധി പരിഹരിക്കാൻ പ്രൊഡക്ടിവിറ്റി കൗൺസിൽ

Posted on: December 2, 2014

Kerala-State-Productivity-C

കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങൾ നിർദേശിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ മുൻകൈയെടുക്കും. വിവിധ വ്യവസായരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ചും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുമാണ് പരിഹാരമാർഗങ്ങൾ നിർദേശിക്കുകയെന്ന് കൗൺസിൽ ചെയർമാൻ കെ.എം. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്ലൈവുഡ്, സമുദ്രോത്പന്നങ്ങൾ, ക്ഷീരോത്പന്നങ്ങൾ, കയർ, ജൈവകൃഷി, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയവ നേരിടുന്ന പ്രശ്‌നങ്ങൾ പ്രൊഡക്ടിവിറ്റി കൗൺസിൽ വിശദമായ പഠനത്തിന് വിധേയമാക്കും. ഈ മേഖലയിലെ സംഘടനകളുടെ സഹായം ഇതിനായി തേടും.

കേരളത്തിലെ സാങ്കേതിക ബിരുദധാരികളുടെ മികവ് വളർത്തി തൊഴിൽ സാധ്യതയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി മൂന്നു മാസത്തെ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാനും കൗൺസിലിന് പദ്ധതിയുണ്ട്. എനർജി മാനേജ്‌മെന്റിലാണ് ആദ്യ കോഴ്‌സ് ആരംഭിക്കുന്നതെന്ന് കെ. എം. ജോർജ് പറഞ്ഞു. പ്രൊഡക്ടിവിറ്റി കൗൺസിൽ സെക്രട്ടറി എൻ.എ. മുഹമ്മദുകുട്ടി, ട്രഷറർ കെ.എം. അമാനുള്ള, ഡയറക്ടർ ജി. ശിവകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.