ഇന്ധനവിലക്കുറവിന്റെ ആനുകൂല്യം പൊതുജനങ്ങൾക്കു കൈമാറണമെന്ന് പെട്രോളിയം ട്രേഡേഴ്‌സ്

Posted on: November 18, 2014

Petrol-Pump-B

ഇന്ധനത്തിനു രാജ്യാന്തരതലത്തിലുള്ള വിലക്കുറവിന്റെ ആനുകൂല്യം സാധാരണ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ക്രൂഡ് ഓയിലിന്റെ വില 80 ഡോളറിലേറെ താഴ്ന്നിട്ടും ഇന്ത്യയിലെ ജനങ്ങൾക്കു വിലക്കുറവിന്റെ ആനുകൂല്യം ലഭ്യമാക്കാതെ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിച്ചും സംസ്ഥാന സർക്കാരുകൾ വാണിജ്യ നികുതിയും സെസും വർധിപ്പിച്ചും ഓയിൽ കമ്പനികൾ കൊള്ളലാഭം കൊയ്തും വീതിച്ചെടുക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു

2009ൽ ക്രൂഡ് ഓയിൽ വില ഇതേനില തുടർന്നപ്പോൾ ഇന്ധനവില ഇന്നത്തെ വിലയെക്കാൾ 20 രൂപയോളം കുറവായിരുന്നു. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും കുറയുമ്പോൾ കൊള്ളലാഭം എണ്ണ കമ്പനികളും സർക്കാരും കൂടി വീതിച്ചെടുക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ക്രൂഡ് ഓയിൽ വിലവർധന അനുസരിച്ച് ഇന്ധനത്തിന്റെ ചില്ലറ വിൽപനവില വർധിപ്പിച്ചപ്പോൾ സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ച പൊതുസമൂഹം ഈ പകൽക്കൊള്ളക്കെതിരേ പ്രതികരിക്കണം. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില കണക്കാക്കിയാൽ പെട്രോൾ ലിറ്ററിന് 55 രൂപയ്ക്കും ഡീസൽ 45 രൂപയ്ക്കും ചില്ലറ വിൽപ്പന നടത്താൻ സാധിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇന്ധനവിലക്കുറവിന്റെ ആനുകൂല്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും എണ്ണ കമ്പനികൾക്കും കത്തയക്കാനും പ്ലക്കാർഡുകളും ബോർഡുകളും പമ്പുകളിൽ പ്രദർശിപ്പിക്കാനും അസോസിയേഷന്റെ യോഗം തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് നാഷണൽ ജോയിന്റ് സെക്രട്ടറി ആർ. ശബരിനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എം. എം. ബഷീർ, എ. രാഗിഷ് മുഹമ്മദ് നിയാസ്, ജോഷി ചാക്കോ എന്നിവർ പ്രസംഗിച്ചു.