മറൈന്‍  ആംബുലന്‍സുകളുടെ കീല്‍ ഇടല്‍ കര്‍മ്മം മന്ത്രി മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു

Posted on: September 21, 2019


കൊച്ചി: ഫിഷറീസ് വകുപ്പിനുവേണ്ടി കൊച്ചി കപ്പല്‍ശാല  നിര്‍മ്മിക്കുന്ന മറൈന്‍ ആംബുലന്‍സുകളുടെ കീല്‍ ഇടല്‍ കര്‍മ്മം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥരും ബി.പി.സി.എല്‍, ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും  കപ്പല്‍ശാല  ഡയറക്ടര്‍മാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി കപ്പല്‍ശാല  ഡയറക്ടര്‍ ഓപ്പറേഷന്‍സ് ശ്രീ . സുരേഷ് ബാബു എന്‍.വി കൊച്ചി കപ്പല്‍ശാലയില്‍  വരുന്ന പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിലെ ഷിപ്പ്-ലിഫ്റ്റ് സൗകര്യം എന്നീ പദ്ധതികള്‍ വിശദീകരിച്ചു.

പ്രതിരോധ വാണിജ്യ ആവശ്യങ്ങള്‍ക്ക്  മാത്രമായി ഉപയോഗിച്ചിരുന്ന കൊച്ചിന്‍ കപ്പല്‍ശാലയുടെ സാങ്കേതിക ശേഷി ഇന്ന് തദ്ദേശീയമായ  ആവശ്യങ്ങള്‍ക്കു കൂടി  ഉപയോഗിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന്  മേഴ്സികുട്ടിയമ്മ പറഞ്ഞു .

മറൈന്‍ അംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ബീം സൈസും 14 നോട്ടിക്കല്‍ മൈല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് ഡിസൈന്‍ വിഭാഗത്തില്‍ ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന ആംബുലന്‍സിന് കൂടുതല്‍ ഇന്ധനക്ഷമതയുണ്ടാകും. ഇന്ധന ക്ഷമത മെച്ചപ്പെടുത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സി.എഫ്.ഡി അനാലിസിസ്, മോഡല്‍ ടെസ്റ്റ് എന്നിവ ചെന്നൈയിലെ ഐഐടിയില്‍ പൂര്‍ത്തീകരിച്ചു.

ജീവനക്കാരെയടക്കം ഏഴ് പേരെ വഹിക്കാനാകും. പരിശോധന, നേഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി , റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങളുമുണ്ടാകും. 2020 ഓടെ കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.