മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ

Posted on: September 1, 2019

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ അടുത്ത ഗവർണറാകും. ഗവർണർ പി. സദാശിവം സെപ്റ്റംബർ ആദ്യവാരം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ്.

ഭാരതീയ ക്രാന്തിദളിലൂടെ രാഷ്ട്രീയത്തിൽ വന്ന ആരിഫ് മുഹമ്മദ് ഖാൻ 1980 ൽ കാൺപൂരിൽ നിന്നും 1984 ൽ ബാറൈച്ചിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം വ്യക്തി നിയമ ബില്ലുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജനതാദളിൽ ചേർന്നു. 1989 ലെ വി. പി. സിംഗ് സർക്കാരിൽ വ്യോമയാന- ഊർജ്ജ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. പിന്നീട് ജനതാദൾ വിട്ട് ബിഎസ്പിയിൽ ചേർന്നു. 1998 ൽ വീണ്ടും ബാറൈച്ചിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ ബിജെപിയിൽ ചേർന്നു.

ബിജെപി നേതാക്കളായ ബണ്ടാരു ദത്താത്രേയയെ ഹിമാചൽപ്രദേശ് ഗവർണറായും തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനെ തെലുങ്കാന ഗവർണറായും നിയമിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്രയെ രാജസ്ഥാൻ ഗവർണറായും ഭഗത് സിംഗ് കോഷിയാരിയെ മഹാരാഷ്ട്ര ഗവർണറായും നിയമിച്ചിട്ടുണ്ട്.