പ്രളയദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക് മാതാ അമൃതാനന്ദമയി ഒരു ലക്ഷം രൂപ വീതം നൽകും

Posted on: August 16, 2019

കൊല്ലം : കേരളത്തിലെ മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാതാ അമൃതാനന്ദമയിയുടെ സഹായഹസ്തം. ആൾനാശം സംഭവിച്ച കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അമ്മ നൽകും.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുഃഖത്തിൽ നിന്ന് കരകയറാൻ അവർക്ക് ശക്തി നൽകണമേ എന്ന് പരമാത്മാവിനോട് പ്രാർത്ഥിക്കുന്നുവെന്നും അമ്മ പറഞ്ഞു. ദുരിതത്തിലുഴലുന്നവരിലേയ്ക്ക് കാരുണ്യവും സേവനവുമായി നാമോരോരുത്തരും കടന്നു ചെല്ലണം. ഹൃദയങ്ങളിൽ നിന്നുമൊഴുകുന്ന കാരുണ്യത്തിനും പ്രേമത്തിനും മാത്രമേ ഇത്തരം ദുഃഖഘട്ടങ്ങളിൽ സാന്ത്വനം പകരാൻ സാധിക്കൂവെന്ന് അമ്മ ഓർമപ്പെടുത്തി.

മാതാ അമൃതാനന്ദമയി മഠത്തിൻറെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അമൃത ഹെൽപ്ലൈൻ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിൻറെ അമൃതപുരി കാമ്പസിൽ സജ്ജീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ സന്നദ്ധ സേവകരാണ് ഈ ഹെൽപ്ലൈൻ (0476 2805050) സംവിധാനം കൈകാര്യം ചെയ്തത്.