ബി. ആര്‍. ഷെട്ടിയുടെ കമ്പനി ലണ്ടനില്‍ ഐ. പി. ഒ. യ്ക്ക്

Posted on: April 10, 2019

കൊച്ചി : പ്രവാസി വ്യവസായി ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തില്‍ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കമ്പനിയായ ‘ഫിനാബ്ലര്‍’ പ്രാഥമിക ഓഹരി വില്പന (ഐ. പി. ഒ.) യ്‌ക്കൊരുങ്ങുന്നു.ലണ്ടനിലായിരിക്കും ഐ. പി. ഒ. നടത്തുക. ലണ്ടന്‍ സ്‌റ്റോക് എക്‌സ് ചേഞ്ചിലായിരിക്കും ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ഐ. പി. ഓ. യ്ക്കായുള്ള കരടുരേഖ ലണ്ടനില്‍ ഫയല്‍ ചെയ്‌തെന്ന് ഫിനാബ്ലറിന്റെ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ഷെട്ടി യു. കെ. ആസ്ഥാനമായി ഫിനാബ്ലര്‍ എന്ന കമ്പനി രൂപവത്ക്കരിച്ചത്. ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സേവന സംരംഭങ്ങളായ ‘യു. എ. ഇ. എക്‌സ്‌ചേഞ്ചേ്, ട്രാവലെക്‌സ് എന്നിവ  ഇതില്‍ ലയിപ്പിക്കുകയായിരുന്നു. ഫിനാബ്ലറിന്റെ 91 ശതമാനം ഓഹരികളും ഷെട്ടിയുടെ ഉടമസ്ഥതയിലാണ്.

പുതിയ ഓഹരികളുടെ വില്പനയിലൂടെ 20 കോടി ഡോളര്‍ (ഏതാണ്ട്1,400 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, പ്രൊമോട്ടര്‍മാര്‍ ഓഹരിയില്‍ ചെറിയ പങ്ക് വിറ്റഴിക്കുകയും ചെയ്യുമെന്നാണ് സൂചന. ബി. ആര്‍. ഷെട്ടിയുടെ ഹെല്‍ത്ത് കെയര്‍ ശൃംഖലയായ എന്‍. എം. സി. ഹെല്‍ത്ത്’ നേരത്തെ തന്നെ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS: B R Shetty |