മഹാഭാരത നിരവധി രാജ്യങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും : ഡോ. ബി.ആർ. ഷെട്ടി

Posted on: June 6, 2017

അബുദാബി : പ്രവാസി വ്യവസായിയും അബുദാബിയിലെ എൻഎംസി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി 150 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിക്കുന്ന മഹാഭാരത ഒരേ സമയം നിരവധി രാജ്യങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ഒരു ബില്യൺ ഡോളർ സംരംഭമായി ഇതിനെ വളർത്തിക്കൊണ്ടുവരുവാനുള്ള വൻപദ്ധതികളാണ് പിന്നണിയിൽ ഒരുങ്ങുന്നതെന്ന് ബി.ആർ. ഷെട്ടി പറഞ്ഞു. ഈ മഹത്തായ സൃഷ്ടിയെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനംതന്നെ അന്താരാഷ്ട്ര എന്റർടെയ്ൻമെന്റ് മാധ്യമങ്ങളിൽ ഇതുവരെ മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്തവിധത്തിലുള്ള പ്രചാരത്തിലൂടെ വൻതരംഗങ്ങൾ തീർത്തിരുന്നു.

നമ്മുടെ മഹത്തായ പാരമ്പര്യത്തെയും സംസ്‌കാരത്തെയുംകുറിച്ച് ഏറെ ആത്മാഭിമാനമുണ്ടെന്നും അതുകൊണ്ടുതന്നെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനായി പിന്തുണ നല്കി വരികയായിരുന്നുവെന്നും തുടർ സംരംഭകനും ബില്യണയറുമായി ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ മഹാഭാരതത്തിൽനിന്നുള്ള പാഠങ്ങൾ ചെറുപ്പകാലം മുതലേ ആഴത്തിൽ അറിയാൻ സാധിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾത്തന്നെ പുരാണങ്ങൾ വായിക്കാനും അതിലേയ്ക്ക് ആകർഷിക്കപ്പെടാനും അതുവഴി നല്ലതും ചീത്തയും തമ്മിൽ തിരിച്ചറിയാനും സാധിച്ചിരുന്നു. വളർന്നുവന്നപ്പോൾ വെല്ലുവിളികൾ നേരിടുമ്പോഴെല്ലാം ആ പുരാണത്താളുകളിൽ നിന്നുള്ള പ്രചോദനം എനിക്ക് ശരിയായ വഴി കാണിച്ചുതന്നിരുന്നു. അന്നുമുതലേ ഈ മഹാഇതിഹാസം ലോകമെങ്ങുമുള്ള ആളുകളിലെത്തിക്കണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു. പുതിയ പദ്ധതിയിലൂടെ ഇതിഹാസങ്ങളോടുള്ള എന്റെ പ്രതിബദ്ധത പൂർത്തിയാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു.

ലോകോത്തര നിലവാരത്തിൽ ഏറ്റവും ക്രിയാത്മകമായും സാങ്കേതികത്തികവോടെയും ആഗോളതലത്തിലുള്ള കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള ഉത്കൃഷ്ട സൃഷ്ടി എന്ന രീതിയിലായിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്ന് അദേഹം പറഞ്ഞു. ഇതിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരിലേയ്ക്ക് ചിത്രത്തെ എത്തിക്കാൻ കഴിയുമെന്ന് അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ സിനിമയിലെയും ആഗോളസിനിമയിലെയും ഏറ്റവും മികച്ച അഭിനേതാക്കളും ക്രൂവുമാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. അക്കാദമി അവാർഡ് നേടിയവർ അടക്കം ലോകത്തിലെതന്നെ ഏറ്റവും പേരുകേട്ടവരായിരിക്കും സാങ്കേതികവിദഗ്ധർ. ഇന്ത്യൻ സിനിമയിലെയും ഹോളിവുഡിലെയും വമ്പൻ താരനിരയാണ് അണിനിരക്കുക. അന്താരാഷ്ട്രതലത്തിൽ പേരെടുത്ത കാസ്റ്റിംഗ് ഡയറക്ടറായിരിക്കും ആഗോളസംഘത്തിന് നേതൃത്വം നല്കുക.

ചിത്രത്തിന്റെ താരനിരയേയും സാങ്കേതികവിദഗ്ധരേയും സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകൻ വി. എ. ശ്രീകുമാർ മേനോൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസചിത്രം ശ്വാസമടക്കിപ്പിടിച്ചുമാത്രം കാണാൻ സാധിക്കുന്ന രീതിയിൽ ആകർഷകമായ സൃഷ്ടിയായിരിക്കണമെന്നാണ് ആഗ്രഹം. അന്താരാഷ്ട്രതലത്തിൽത്തന്നെ പേരെടുത്ത മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലാണ് ഭീമന്റെ വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിനായി രണ്ട് വർഷമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. സ്വന്തം സമയം മുഴുവൻ മാറ്റിവയ്ക്കുന്നതുപോലെയുള്ള ആത്മാർപ്പണമാണ് ഓരോ നടീനടന്മാരിൽനിന്നും പ്രതീക്ഷിക്കുന്നത്. വിഎഫ്എക്‌സിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. നിർമാണത്തിനായുളള ബജറ്റിന്റെ അൻപത് ശതമാനവും ഇതിനായി മാറ്റിവച്ചിരിക്കുകയാണ്. ലോകോത്തരസൃഷ്ടിയുടെ കാഴ്ചാനുഭവം ഏറ്റവും മികച്ചതാക്കാനാണ് പരിശ്രമിക്കുന്നതെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി.

മഹാഭാരത സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാസ്റ്റർ പതിപ്പുകൾ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഇന്ത്യൻ ഭാഷകളിലേയ്ക്കും മറ്റ് പ്രമുഖ വിദേശഭാഷകളിലേയ്ക്കും സബ്‌ടൈറ്റിലുകൾ നല്കി ഡബ്ബ് ചെയ്യും.  വിപണനം, വിതരണം എന്നീ രംഗങ്ങളിൽ ആഗോളതലത്തിലുള്ള കൂട്ടുകെട്ടുകളുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. മഹാഭാരത’ ലോകമെങ്ങുമുള്ള പ്രേക്ഷകരിൽ എത്തുന്നതിനായാണ് പരിശ്രമിക്കുന്നത്. ഈ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ ആഗോളതലത്തിൽ വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ, വിവിധ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ സജീവകാലമത്രയും അന്താരാഷ്ട്ര ഫ്രാഞ്ചൈസികളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി. ലോകമെങ്ങുമുള്ള സിനിമാ വിപണികളിൽ ഈ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്ന പ്രചാരണങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് അദേഹം പറഞ്ഞു.